Sports
ഐച്ചി-നഗോയ: ഐച്ചി-നഗോയയിൽ നടക്കുന്ന 2026 പാരാ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയും ഇനങ്ങളുമടങ്ങുന്ന പട്ടിക പുറത്തിറക്കി.
ഏഷ്യൻ പാരാ ഗെയിംസിന്റെ അഞ്ചാം പതിപ്പ് 18 മുതൽ 24 വരെ ഐച്ചി-നഗോയയിലാണ് നടക്കുന്നത്. 19 ഇനങ്ങളിലായി 45 രാജ്യങ്ങൾ ഗെയിംസിൽ മത്സരിക്കും.
പാരാ ഗെയിംസിലെ തങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ചൈനയിലെ ഹാങ്ഷൂവിൽ നടന്ന കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിൽ 27 സ്വർണ മെഡലുകൾ ഉൾപ്പടെ ആകെ 108 മെഡലുകൾ എന്ന റിക്കാർഡ് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു.
2026ലെ പതിപ്പിനായി 11 കായിക ഇനങ്ങളിലായി മത്സരിക്കാൻ 168 കായികതാരങ്ങളുടെ പട്ടികയാണ് ഇന്ത്യ തയാറാക്കിയത്. പാരാലിന്പിക്സിൽ രണ്ടുതവണ ചാന്പ്യന്മാരായ സുമിത് ആന്റിൽ, അവനി ലേഖാറ എന്നിവരും ഉൾപ്പെടുന്നു. ഐച്ചി-നഗോയയിൽ ഇന്ത്യക്ക് സ്വർണ പ്രതീക്ഷയുള്ള താരങ്ങളാണ് ഇരുവരും.
ജാവലിൻ ത്രോ എഫ്64, 10 മീറ്റർ എയർ റൈഫിൾ എന്നീ ഇനങ്ങളിൽ നിലവിലെ ചാന്പ്യന്മാരായാണ് ഇരുവരും മത്സരത്തിനിറങ്ങുന്നത്.
National
ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ ആദ്യഘട്ടത്തിന് അന്തിമരൂപമായതായും കരട് കരാറിന്റെ രൂപീകരണം അതിവേഗം പുരോഗമിക്കുകയാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.
വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടം പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നമുക്ക് അനുകൂലമായതോ മത്സരക്ഷമതയുള്ളതോ ആയ സാഹചര്യം ലഭിച്ചാലുടന് കരാര് അന്തിമമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ഡല്ഹിയില് നടന്ന എസ്ആര്സിസി സെന്റനറി കോണ്ക്ലേവിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Sports
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ 24 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 223 റൺസിൽ ഓൾ ഔട്ടായി. 56 റൺസെടുത്ത സഞ്ജു സാംസണും 43 റൺസെടുത്ത തിലക് വർമയും 41 റൺസെടുത്ത നീതിഷ് കുമാർ റെഡ്ഢിയും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
വെസ്റ്റ് ഇൻഡീസിന് വേണ്ടി കീമോ പോൾ അഞ്ച് വിക്കറ്റെടുത്തു. ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റും റൊമാരിയോ ഷെപ്പേർഡും ഷമാർ സ്പ്രിംഗറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 247 റൺസെടുത്തത്. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ഷെർഫെയ്ൻ റൂതർഫോർഡിന്റെയും ഷിംറോൺ ഹെറ്റ്മയറിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഷായ് ഹോപ്പ് 102 റൺസാണെടുത്തത്. 50 പന്തിൽ നാല് ബൗണ്ടറിയും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. റൂതർഫോർഡ് 49 റൺസും ഹെറ്റ്മയർ 33 റൺസുമാണെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, പ്രിന്സ് യാദവ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ ഒപ്പമെത്തി. രണ്ട് ടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്.
Business
ബെയ്ജിംഗ്: ഈ വർഷത്തെ ആദ്യ ഒന്പത് മാസങ്ങളിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 100 ബില്യണ് യുഎസ് ഡോളർ കടന്നു. ചൈനീസ് കയറ്റുമതി ഉയരുന്നതിനിടയിലും ഈ കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 40.7 ശതമാനം വളർച്ച നേടി മുന്നേറ്റം രേഖപ്പെടുത്തുന്പോഴാണിത്.
ചൈനയുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20.7 ശതമാനം വർധിച്ച് 105.93 ബില്യണ് ഡോളറായി.
ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 25.4 ശതമാനം വർധിച്ച് 144.45 ബില്യണ് ഡോളറിലെത്തി.
ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 23.3 ശതമാനം വർധിച്ച് 125.19 ബില്യണ് ഡോളറിലെത്തി. അതേസമയം, ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 40.7 ശതമാനം ഉയർന്ന്് 19.26 ബില്യണ് ഡോളറായി.
ഇന്ത്യയുടെ നിർമാണ മേഖലയ്ക്ക് ആവശ്യമായ ഇലക്ട്രോണിക്സ്, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ എന്നിവയാണ് ചൈനയിൽനിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
എന്നാൽ ധാതുക്കൾ, അയിരുകൾ, ഇന്ധനങ്ങൾ, സമുദ്രവിഭവങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ പ്രാഥമിക-വിഭവ അധിഷ്ഠിത ഉത്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.
ചൈനയിലെ വ്യാപാര കണക്കുകൾ ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ വർഷ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. എന്നാൽ ഇന്ത്യയുടേത് ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷ അടിസ്ഥാനത്തിലാണ് തയാറാക്കുന്നത്.
ഇന്ത്യയുടെ കയറ്റുമതി ഉയർന്നു; വ്യാപാര കമ്മിയും
ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യണ് ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 36.66 ശതമാനം വർധിച്ച് 19.47 ബില്യണ് ഡോളറായപ്പോൾ, ഇറക്കുമതി 16 ശതമാനം ഉയർന്ന് 131.63 ബില്യണ് ഡോളറായി. ഇതോടെ വ്യാപാര കമ്മി 2024-25ലെ 99.2 ബില്യൺ ഡോളറിൽനിന്ന് 2025-26ൽ എക്കാലത്തെയും ഉയർന്ന നിരക്കായ 112.6 ബില്യണ് ഡോളറിലെത്തി.
വർഷങ്ങളായി ഇന്ത്യയുടെ ശക്തമായ മേഖലകളായ ഐടി, ഫാർമ (മരുന്ന് ഉത്പാദനം), കാർഷിക ഉത്പന്നങ്ങൾ എന്നിവയ്ക്കായി വിപണി തുറന്നുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.
Business
ന്യൂയോർക്ക്: ഇന്ത്യയിലെ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനൊരുങ്ങി ലോകത്തെ പ്രമുഖ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണ്. നിലവിലുള്ള 50 ബില്യണ് ഡോളറിന്റെ നിക്ഷേപം 100 ബില്യണ് ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് കന്പനി പ്രസിഡന്റ് ജോണ് ഗ്രേ വ്യക്തമാക്കി.
റിയൽ എസ്റ്റേറ്റ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഫിനാൻഷ്യൻ സർവീസസ്, ആരോഗ്യരംഗം തുടങ്ങിയ പ്രധാന മേഖലകളിലായിരിക്കും ഈ പുതിയ നിക്ഷേപങ്ങൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയുമായി ബന്ധപ്പെട്ട പുതിയ അവസരങ്ങളിലും ബ്ലാക്ക്സ്റ്റോണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, കംപ്യൂട്ടിംഗ് ശേഷി തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ ബ്ലാക്ക്സ്റ്റോണിന്റെ പ്രധാന നിക്ഷേപ മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ്. ലോജിസ്റ്റിക്സ്, ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ മേഖലകളിലെ നിലവിലെ നിക്ഷേപങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ഗ്രേ പറഞ്ഞു.
National
ന്യൂഡൽഹി: ആറു മാസംകൊണ്ട് രാഹുൽ ഗാന്ധി ആളാകെ മാറിയിരിക്കുന്നു. ലക്ഷ്യബോധവും രാഷ്ട്രീയ ശൈലിയും ഇല്ലാത്ത ആളെന്നു വിമർശിച്ചവർതന്നെ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിച്ച് കൈകോർക്കുന്നു. പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന ആളെന്ന കുറ്റപ്പെടുത്തലിൽനിന്ന് അദ്ദേഹം മുക്തി നേടിയിരിക്കുന്നു.
എതിരാളികളുടെ വിമർശനങ്ങൾ അദ്ദേഹത്തെ കുടുതൽ കൂടുതൽ ശക്തനാക്കുന്ന കാഴ്ചയാണ് സമീപകാലത്തു കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ രാജ്യത്തെ ഇളക്കിയ സമരത്തിനു നേതൃത്വം നൽകിയതിലൂടെ രാഹുൽ ഗാന്ധി ആർക്കും അവഗണിക്കാനാകാത്ത ശക്തനായ നേതാവായി പരിവർത്തനം ചെയ്തിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വളർച്ചയുടെ നാഴികക്കല്ലുകൾ പരിശോധിക്കാം.
യുവതയുടെ രീതികൾക്കൊപ്പം
വോട്ടുചോരി ആരോപണം ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഡിജിറ്റൽ പിന്തുണയോടെയുള്ള പത്രസമ്മേളനം ഇന്ത്യൻ രാഷ്ട്രീയ രംഗത്തുതന്നെ പുതിയൊരു പരീക്ഷണമായിരുന്നു. ഡിജിറ്റൽ തെളിവുകളും വിവരങ്ങളും തത്സമയം സ്ക്രീനിൽ കാണിച്ചുകൊണ്ട് പരമ്പരാഗത പത്രസമ്മേളനത്തിന്റെ മുഖംതന്നെ രാഹുൽ ഗാന്ധി മാറ്റിയെടുത്തു. തുടർന്നുള്ള അദ്ദേഹത്തിന്റെ എല്ലാ പത്രസമ്മേളനങ്ങളുംതന്നെ ഡിജിറ്റൽ സങ്കേതങ്ങളുടെ പിന്തുണയോടെയുള്ളതായിരുന്നു.
യുവതലമുറയുടെ രീതികൾക്കും കാലത്തിന്റെ മാറ്റത്തിനുമനുസരിച്ച് വേറിട്ട ഒരു ശൈലി അവതരിപ്പിക്കുകയായിരുന്നു ഇതിലൂടെ രാഹുൽ ഗാന്ധി. അതിനു വലിയ സ്വീകാര്യതയും ലഭിച്ചു. പത്രസമ്മേളനം നടത്താൻ ധൈര്യമില്ലാത്തയാൾ എന്ന വിമർശനം ഇടയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഉയരുമ്പോഴാണ് യാതൊരു മടിയുമില്ലാതെ മാധ്യമങ്ങളുമായി സംവദിക്കാൻ രാഹുൽ തയാറാകുന്നത്. ഇതു യുവതലമുറയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവസമ്മതനാകുന്ന നേതാവ്
ഒരു സമയത്ത് ഘടകകക്ഷികളുടെ പോലും മതിപ്പ് നേടാൻ കഴിയാതിരുന്ന ഒരു നേതാവായിരുന്നു രാഹുൽ ഗാന്ധി. ചില പ്രശ്നങ്ങൾ ഉയർത്തി പെട്ടെന്നു ചില മിന്നലാട്ടങ്ങൾ നടത്തുന്ന രാഹുൽ പെട്ടെന്നു നിശബ്ദനാവുകയും പിന്തിരിയുകയുമൊക്കെ ചെയ്യുന്നതു മൂലമാണ് അദ്ദേഹം ദുർബലനായ നേതാവാണെന്ന പ്രതീതി സൃഷ്ടിച്ചത്. എന്നാൽ, പലവിധമായ പരീക്ഷണങ്ങളിലൂടെ തന്നത്തന്നെ ഒരുക്കുകയായിരുന്നോ രാഹുൽ ഗാന്ധിയെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
കാരണം ഏതാനും വർഷങ്ങൾക്കു മുമ്പ് കണ്ടതിൽനിന്നു വളരെ വ്യത്യസ്തനായ രാഷ്ട്രീയക്കാരനായി മാറിയിരിക്കുന്നു അദ്ദേഹം. അദ്ദേഹത്തേക്കാൾ പ്രായത്തിലും രാഷ്ട്രീയ പരിചയത്തിലും വളരെ മുന്നലുള്ളവർ പോലും അദ്ദേഹത്തെ നേതാവായി അംഗീകരിച്ച് ഒപ്പം നിൽക്കുന്നുവെന്നതാണ് ഇപ്പോൾ കാണുന്ന കാഴ്ച.
ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷികളെയെല്ലാം തന്റെ ഒപ്പം നിർത്താൻ രാഹുൽ ഗാന്ധിക്കു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അസ്വസ്ഥതപ്പെട്ടാൽ ഉടൻതന്നെ അവിടെ ഇടപെട്ട് അവരെ അനുയിപ്പിക്കാനും രാഹുൽ ശ്രമിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ സമരത്തിൽനിന്ന് ഒന്നു രണ്ടു ദിവസം സമാജ് വാദി പാർട്ടി വിട്ടുനിന്നപ്പോൾ രാഹുൽ ഇടപെട്ടു. അവരെ സമരത്തിന്റെ മുഖ്യധാരയിലേക്കു വീണ്ടും കൊണ്ടുവന്നു. സുപ്രീം കോടതി മാർച്ചിൽ അവരെല്ലാം രാഹുലിന് ഒപ്പംനിന്നു. എല്ലാവരും ഒന്നിച്ചാണ് സമരം ചെയ്യുന്നതെന്നു കൂടെക്കൂടെ പറയുക മാത്രമല്ല ഇന്ത്യ സഖ്യത്തിനു പുറത്തുള്ള യുവനേതാക്കളെയും മറ്റു ഒപ്പം നിർത്താനും അദ്ദേഹം ശ്രദ്ധിക്കുന്നു. ആൾക്കൂട്ടങ്ങളിലെ ശ്രദ്ധാകേന്ദ്രമായി രാഹുൽ മാറുന്നുവെന്നതാണ് കാണുന്നത്.
വാക്കുകൾക്കു പുതിയ മൂർച്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും ഗ്യാനേഷ്കുമാറിനെയുമൊക്കെ കണക്കിനു വിമർശിക്കാൻ ഇപ്പോൾ രാഹുൽ ഗാന്ധി തെല്ലും മടിക്കുന്നില്ല. പതുങ്ങിയും തുടക്കക്കാരന്റെ പരിഭ്രമത്തോടെയുമൊക്കെയുള്ള അദ്ദേഹത്തിന്റെ സംസാരശൈലി ആകെ മാറിയിരിക്കുന്നു. ഉറച്ചവാക്കുകളും നിലപാടുകളും ഇപ്പോൾ ആത്മവിശ്വാസത്തോടെ പറയാൻ രാഹുലിനു കഴിയുന്നുണ്ടെന്ന് എതിരാളികൾ പോലും സമ്മതിക്കും.
മാത്രമല്ല, തനിക്കൊപ്പം വലിയൊരു ടീമിനെ സജ്ജമാക്കാൻ അദ്ദേഹത്തിനു കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കോൺഗ്രസിന് ശക്തമായൊരു നേതൃത്വമുണ്ടെന്ന് അണികൾക്കും നേതാക്കൾക്കും ബോധ്യമാകുന്ന കാലം കൂടിയാണിത്. അതിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളും സമീപനങ്ങളും സഹായിച്ചിട്ടുണ്ട്.
ഒരു വേള പ്രിയങ്ക ഗാന്ധിയുടെ നിഴലിൽ ആയിപ്പോകുമോ രാഹുൽ എന്നു കോൺഗ്രസുകാർതന്നെ സംശയിച്ച കാലഘട്ടമുണ്ടായിരുന്നു. എന്നാൽ, അതിൽനിന്നു താൻ തന്നെയാണ് നേതാവ് എന്നു രാഹുൽ തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുകയാണ്. കോൺഗ്രസിൽ ആഭ്യന്തരപ്രശ്നങ്ങളും ഗ്രൂപ്പ് പ്രശ്നങ്ങളും കാര്യമായി പ്രകടമാകുന്നില്ല എന്നതും നേതൃത്വം ശക്തമായതിന്റെ തെളിവാണ്.
പരിഹാസങ്ങളിൽ പതറാതെ
എതിരാളികൾ പലപ്പോഴും രാഹുൽ ഗാന്ധി ഉയർത്തുന്ന വിഷയങ്ങളോടു പ്രതികരിക്കാതെ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പലപ്പോഴും ശ്രമിച്ചുകാണുന്നത്. എന്നാൽ, അത്തരം അധിക്ഷേപങ്ങളെ അവഗണിച്ചു തന്റെ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് രാഹുൽ ശ്രമിക്കുന്നത്. താൻ പറയുന്നതിനു യുവതലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത കിട്ടുന്നു എന്നതാണ് അദ്ദേഹത്തിനു കൂടുതൽ ആത്മവിശ്വാസം പകരുന്നതെന്നു പറയാം.
അമ്പതു കടന്നെങ്കിലും ഇപ്പോഴും യുവത്വം തുളുമ്പുന്ന പ്രസരിപ്പും പ്രതികരണരീതികളും സ്റ്റൈലുകളും അദ്ദേഹത്തിനു യുവതലമുറയ്ക്കിടയിൽ കൂടുതൽ ആരാധകരെ സൃഷ്ടിക്കുന്നുണ്ട്. ഛത്രോം കി ഗൂഞ്ച് എന്ന പേരിൽ വിദ്യാർഥികളുമായി അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മുഖാമുഖം പരിപാടിയിലേക്കു വിദ്യാർഥികൾ ഇരച്ചെത്തുന്നത് ആ സ്വീകാര്യത തന്നെയാണ് വ്യക്തമാക്കുന്നത്.
കരുത്തനായ നേതാവിന്റെ ശൈലി
ഒരു നേതാവിൽനിന്ന് അണികൾ എന്താണോ പ്രതീക്ഷിക്കുന്നത് ആ ഒരു ശൈലിയായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി രാഹുൽ ഗാന്ധി സമരരംഗത്തു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അണികളെ സംഘർഷങ്ങളിലേക്കു തള്ളിവിട്ടിട്ട് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുന്നവരാണ് പല രാഷ്ട്രീയ നേതാക്കളും. എന്നാൽ, രാഹുൽ ഗാന്ധി വേറിട്ട ശൈലി അദ്ദേഹത്തിന് അണികളുടെ ഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തു.
പ്രവർത്തകരെ നയിച്ചുകൊണ്ട് അദ്ദേഹം തെരുവിൽ ഇറങ്ങി. ലാത്തിച്ചാർജും സംഘർഷങ്ങളും ഉണ്ടായപ്പോഴും പിന്നോട്ടുപോയില്ല. കനത്ത വെയിലും ചൂടും കണക്കാക്കാതെ തെരുവിൽ കുത്തിയിരുന്നു, പോലീസിന്റെ ബലപ്രയോഗത്തിനു ഇരയായിട്ടും വിട്ടുകൊടുക്കാതെ പോരടിച്ചു, ഭക്ഷണവും വിശ്രമവുമെടുക്കാതെ അപ്രതീക്ഷിത സമരനീക്കങ്ങളിലൂടെ അണികളെ ആവേശംകൊള്ളിച്ചു.
പോലിസിന്റെ അടികൊള്ളാനും പ്രതിരോധിക്കാനും ഞാൻ നിങ്ങൾക്ക് ഒപ്പമുണ്ട് എന്നു രേഖപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സമരമുഖത്തെ ഒാരോ നീക്കങ്ങളും. അതുതന്നെയാവണം ഏറ്റവുമൊടുവിൽ സുപ്രീം കോടതി മാർച്ചിന് എത്തണമെന്ന അദ്ദേഹത്തിന്റെ ഒറ്റ ആഹ്വാനത്തിൽ രാജ്യതലസ്ഥാനം അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയൊരു ജനസാഗരം ഇരച്ചെത്തിയതിനു കാരണവും.
ഒപ്പമുണ്ടെന്ന തോന്നലാണ് നേതാക്കളെ ജനങ്ങൾക്കു പ്രിയങ്കരനാക്കുന്നത്. അതിൽ രാഹുൽ ഗാന്ധി വിജയം കാണുന്നു എന്നതാണ് ഈ കാലഘട്ടം നമുക്കു മുന്നിൽ നിരത്തുന്ന കാഴ്ചകളിൽ പ്രധാനം.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ചില രാജ്യങ്ങളിലെ ഏറ്റവും പാവപ്പെട്ട 10 ശതമാനം ആളുകൾ ജീവിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളേക്കാൾ ഉയർന്ന വരുമാനത്തിലാണെന്ന് ലോക ബാങ്കിന്റെ റിപ്പോർട്ട്.
ഇന്ത്യയിലെ ഏറ്റവും ദരിദ്രരായവരുടെ പ്രതിദിന വരുമാനം അല്ലെങ്കിൽ ഉപഭോഗ പരിധി ഒരാൾക്ക് ഏകദേശം മൂന്ന് ഡോളറാണെങ്കിൽ, യുഎസിൽ ഇത് 25 ഡോളറാണ്. കാനഡയിൽ 31 ഡോളറും ജർമനി, ഓസ്ട്രേലിയ രാജ്യങ്ങളിൽ 28 ഡോളറുമാണ്.
ഇന്ത്യയിൽ പ്രതിമാസം 80,000 രൂപ സമ്പാദിക്കുന്ന ഒരാൾ രാജ്യത്തെ മികച്ച 10 ശതമാനം വരുമാനക്കാരിൽ ഉൾപ്പെടുമ്പോഴാണിത്. ദാരിദ്ര്യ നിർമ്മാർജനത്തിനപ്പുറം രാജ്യത്തെ മൊത്തത്തിലുള്ള കുറഞ്ഞ വരുമാനമാണ് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രശ്നമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയുടെ സമഗ്രമായ സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം ഉയർത്തുന്നതിനും ഉത്പാദനക്ഷമത വർധിപ്പിക്കേണ്ടതും വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടതുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Sports
ഇന്ഡോര്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് 14 റണ്സ് ജയം. ഇന്ത്യ ഉയർത്തിയ 223 റണ്സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് 209 റണ്സ് എടുക്കാനേ സാധിച്ചുള്ളൂ.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. അഭിഷേക് ശർമയുടെ തകർപ്പൻ അർധസെഞ്ചുറി മികവിലാണ് ഇന്ത്യ സ്കോർ 200 കടത്തിയത്.
കഴിഞ്ഞ മത്സരത്തിലേതിന് സമാനമായി ചേസ് ചെയ്ത് ജയിക്കാമെന്ന വിശ്വാസത്തിലിറങ്ങിയ വിൻഡീസിന് ഇത്തവണ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ നമാൻ ദിർഉം നയിച്ച ബൗളിംഗ് നിരയെ മറികടക്കാനായില്ല. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ- 20 ഓവറിൽ 223. വെസ്റ്റിൻഡീസ്- 20 ഓവറിൽ 209/7.
224 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വിൻഡീസിന് തുടക്കത്തിൽ ഷായ് പോപി (5) നെ നഷ്ടമായി. എന്നാൽ കമിൽ പൂരൻ (42), ഷിമ്രോണ് ഹെറ്റ്മെയർ (43) ചേർന്ന് സ്കോർ അതിവേഗം ചലിപ്പിച്ചു. വാലറ്റത്ത്് 11 പന്തിൽ 35 റണ്സുമായി ഷമാർ സ്പ്രിംഗ്ലർ പുറത്താകാതെ നിന്നെങ്കിലും വിജയം അകന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറിലെ അവസാന പന്തില് 223 റണ്സ് എടുത്തു എല്ലാവരും പുറത്തായി. 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം 69 റണ്സെടുത്ത അഭിഷേക് ശർമയുടെ ബാറ്റിംഗാണ് ഇന്ത്യക്ക് തുണയായത്.
ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റണ്സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. തുടക്കത്തിൽ തന്നെ മൂന്ന് റണ്സുമായി സഞ്ജു സാംസണ് പുറത്തായി. പിന്നീട് ഇഷാൻ കിഷനും അഭിഷേകള ശർമയും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റണ്സ് കൂട്ടുകെട്ടുണ്ടാക്കി. 18 പന്തിൽ 37 റണ്സെടുത്ത ഇഷാൻ കിഷനെ റോസ്റ്റണ് ചേസ് പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടർച്ചയായി വീണു.
ശ്രേയസ് അയ്യർ ഒരു റണ്ണെടുത്ത് പുറത്തായി. തിലക് വർമ 28 റണ്സിനും നമാൻ ധിർ 10 റണ്സിനും ക്രീസ് വിട്ടു. 14 പന്തിൽ 21 റണ്സായിരുന്നു നിതീഷ് കുമാർ റെഡ്ഡിയുടെ സംഭാവന. അക്സർ പട്ടേൽ 20 റണ്സും അർഷദീപ് സിംഗ് 11 റണ്സിനും മായങ്ക് യാദവ് അക്കൗണ്ട് തുറക്കും മുന്പും പുറത്തായി.
വെസ്റ്റിൻഡീസിനായി റോസ്റ്റണ് ചേസ്, ഷാമർ ജോസഫ്, ഷാമർ സ്പ്രിംഗർ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Sports
ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. നിതീഷ് കുമാർ റെഡ്ഡിയും പ്രിൻസ് യാദവും പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ചപ്പോൾ ശിവം ദുബെയും കുൽദീപ് യാദവും പുറത്തായി.
കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇത്തവണയും അവസാന ഇലവനിൽ ഇടം ലഭിച്ചില്ല. വെസ്റ്റ് ഇൻഡീസ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. റൊമാരിയോ ഷെപ്പേർഡ്, അകീൽ ഹൊസൈൻ എന്നിവർക്ക് പകരം ക്വന്റിൻ സാംപ്സണും കിമോ പോളും ടീമിലെത്തി. പരമ്പരയിൽ നിർണായകമായ മൂന്നാം മത്സരത്തിൽ വിജയം നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
Sports
റാഞ്ചി: രണ്ടാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം വെസ്റ്റ് ഇൻഡീസ് റാഞ്ചി. ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ (45 പന്തിൽ 102 നോട്ടൗട്ട്) മിന്നും സെഞ്ചുറിയുടെ ബലത്തിൽ വിൻഡീസ് ആറു വിക്കറ്റിന് ഇന്ത്യയെ കീഴടക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ 249/5.
വെസ്റ്റ് ഇൻഡീസ് 18.3 ഓവറിൽ 252/4. കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ സന്ദർശകർക്കായി ഷെർഫെയ്ൻ റൂഥർഫോഡ് (37 പന്തിൽ 84), റൊമാരിയൊ ഷെപ്പേർഡ് (13 പന്തിൽ 34 നോട്ടൗട്ട്) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയുടെ മായങ്ക് അഗർവാൾ മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ചു മത്സര പരന്പ 1-1 നു സമനിലയായി.
കോഹ്ലിക്കൊപ്പം സഞ്ജു
വെസ്റ്റ് ഇന്ഡീസിന് എതിരായ രണ്ടാം ട്വന്റി-20യില് സഞ്ജുവിന്റെ ബാറ്റില്നിന്നു പിറന്നത് 82 റണ്സ്. 41 പന്തില്നിന്നായിരുന്നു അത്. പന്ത് നിലംതൊടാതെ ഗാലറിയിലേക്കു പറന്നത് നാലു പ്രാവശ്യം. ഗ്രൗണ്ടില് ചുംബിച്ചശേഷം വേലിക്കെട്ടുഭേദിച്ചത് ഒമ്പതു തവണ. 200 ആയിരുന്നു സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്.
നേരിട്ട 21-ാം പന്തിലായിരുന്നു സഞ്ജു അർധസെഞ്ചുറി തികച്ചത്. ഇതോടെ വെസ്റ്റ് ഇൻഡീസിനെതിരേ ട്വന്റി-20യിൽ അതിവേഗം അർധസെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ റിക്കാർഡിനൊപ്പവും സഞ്ജു എത്തി. 2019ൽ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലായിരുന്നു കോഹ്ലിയുടെ റിക്കാർഡ് ഇന്നിംഗ്സ്.
സഞ്ജു-അഭിഷേക്
സഞ്ജുവിനെ പുറത്തിരുത്തിയേക്കും എന്ന ആശങ്കയോടെയായിരുന്നു ഇന്നലെ നേരം പുലര്ന്നത്. എന്നാല്, ടോസ് ഇടാനെത്തിയപ്പോള് കാര്യങ്ങള് വ്യക്തം. സഞ്ജു സാംസണും അഭിഷേക് ശര്മയും ഇന്ത്യന് ഇന്നിംഗ്സ് ഓപ്പണ് ചെയ്യും. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുമായി ക്രീസില് എത്തുകയും ചെയ്തു. സഞ്ജു - അഭിഷേക് ഓപ്പണിംഗ് വിക്കറ്റില് പിറന്നത് നാല് ഓവറില് 42 റണ്സ്. 12 പന്തില് 20 റണ്സ് സ്വന്തമാക്കിയ അഭിഷേക് ശര്മ പുറത്തായതോടെ സഞ്ജുവിന്റെ കൂട്ടായി ഇഷാന് കിഷന് എത്തി.
ആദ്യ ട്വന്റി-20യില് സെഞ്ചുറി നേടിയ ക്യാപ്റ്റന് ശ്രേയസ് അയ്യറിനൊപ്പം ഇന്ത്യയെ ജയത്തിലെത്തിച്ച ഇഷാന് കിഷന് മികച്ച ഫോമിലായിരുന്നു. തകര്ത്തടിച്ചു മുന്നേറിയ ഇഷാന് കിഷന് 22 പന്തില് രണ്ടു സിക്സും ആറു ഫോറും അടക്കം 43 റണ്സ് നേടിയശേഷമാണ് പുറത്തായത്. റോസ്റ്റണ് ചേസിന്റെ പന്തില് ബൗള്ഡാകുകയായിരുന്നു. തുടര്ന്നെത്തിയ ശിവം ദുബെയെയും (7) റോസ്റ്റണ് ചേസ് ബൗള്ഡാക്കി. സ്കോര് ബോര്ഡില് 162 റണ്സ് ഉള്ളപ്പോള് സഞ്ജു പുറത്ത്. ഷമര് സ്പ്രിംഗറിന്റെ പന്തില് ഡീപ്പില് കമില് പുരാന്റെ ക്യാച്ചിലൂടെ സഞ്ജു പവലിയനിലേക്കു മടങ്ങി.
അയ്യര് - വര്മ
ക്യാപ്റ്റന് ശ്രേയസ് അയ്യറും തിലക് വര്മയും ക്രീസില് ഒന്നിക്കുന്നതായിരുന്നു പിന്നീടു കണ്ടത്. ലക്നോവില് 43 പന്തില് ആറു സിക്സും പത്തു ഫോറും അടക്കം 102 റണ്സുമായി പുറത്താകാതെ നിന്നു പ്ലെയര് ഓഫ് ദ മാച്ചായ ശ്രേയസ് അയ്യര്, ഇന്നലെ റാഞ്ചിയിലും ഒട്ടും മോശമാക്കിയില്ല. 18 പന്തില് മൂന്നു സിക്സും മൂന്നു ഫോറും അടക്കം 40 റണ്സ് നേടിയാണ് ശ്രേയസ് മടങ്ങിയത്. തിലക് വര്മ 18 പന്തില് മൂന്നു സിക്സും മൂന്നു ഫോറും അടക്കം 44 റണ്സുമായി പുറത്താകാതെനിന്നു. അഞ്ചാം വിക്കറ്റില് ഇവര് 33 പന്തില് 83 റണ്സ് അടിച്ചു. അതോടെ ഇന്ത്യന് സ്കോര് 20 ഓവറില് 249/5.
Sports
ലാഹോര്: ഏഷ്യന് ചാമ്പ്യന്സ് ട്രോഫി ഹോക്കിക്കായി ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാന് അറിയിച്ചു. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല, പാക് ടീമിന് അവരുടെ സര്ക്കാരിന്റെ സമ്മതപത്രം ലഭിച്ചിട്ടില്ല. ഇതോടെ പാക്കിസ്ഥാനു പകരം ഏഷ്യന് ചാമ്പ്യന്സ് ട്രോഫിയില് ബംഗ്ലാദേശ് കളിക്കുമെന്നു തീരുമാനമായി.
ഇതു മൂന്നാം തവണയാണ് പാക് ഹോക്കി ടീം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്ണമെന്റുകളില്നിന്നു പിന്മാറുന്നത്. കഴിഞ്ഞ വര്ഷം ഏഷ്യ കപ്പ്, ജൂണിയര് ലോകകപ്പ് മത്സരങ്ങളില്നിന്നും പാക് ഹോക്കി ടീം പിന്മാറി. 2026 ഏഷ്യന് ഗെയിംസില് പാക് സീനിയര് പുരുഷ ടീം വെങ്കലം നേടിയിരുന്നു.
Business
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കേ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാക്കിക്കൊണ്ട് പ്രമുഖ ടെക് കമ്പനികൾക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ കടുപ്പമേറിയ നടപടി.
അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധർക്കു സ്ഥിരതാമസ അനുമതി (ഗ്രീൻ കാർഡ്) നൽകുന്നതിനുള്ള പ്രധാന പ്രക്രിയയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പ്രോഗ്രാമിൽനിന്ന് പ്രമുഖ ഇന്ത്യൻ, ആഗോള ഐടി കമ്പനികളെ യുഎസ് തൊഴിൽ വകുപ്പ് താത്കാലികമായി സസ്പെൻഡ് ചെയ്ത നടപടി വലിയ തിരിച്ചടിയാണ്.
ഇന്ത്യൻ ഐടി ഭീമന്മാരായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, കോഗ്നിസന്റ് എന്നിവയ്ക്കുപുറമെ ആഗോള കമ്പനികളായ മൈക്രോസോഫ്റ്റ്, അഡോബ്, ക്യാപ്ജെമിനി തുടങ്ങി എട്ട് പ്രമുഖ കമ്പനികൾക്കെതിരേയാണു നടപടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഈ കമ്പനികളിൽനിന്നുള്ള പുതിയ പിഇആർഎം അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.
ആരോപണങ്ങളുമായി യുഎസ് ഭരണകൂടം
വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വൻതോതിൽ നിയമിക്കുന്നതുവഴി അമേരിക്കക്കാർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും വീസ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശ ജീവനക്കാരെ പകരം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വന്തം പൗരന്മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടിയെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്കെതിരേ അമേരിക്ക നടത്തുന്ന നീക്കങ്ങളും എച്ച്-1ബി വീസയിലെ പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വെല്ലുവിളിയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. യുഎസ് സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യൻ കമ്പനികൾ നൽകുന്ന വൻ സംഭാവനകൾ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇത്തരം തീരുമാനങ്ങൾ സാമ്പത്തിക-വ്യാപാര അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
പ്രവർത്തനത്തെ ബാധിക്കില്ലെന്നു ടിസിഎസ്
യുഎസ് സർക്കാരിന്റെ വിലക്ക് തങ്ങളുടെ പ്രവർത്തനങ്ങളെയോ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് പ്രമുഖ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിഇആർഎം പ്രോഗ്രാം വഴി വളരെ കുറഞ്ഞ എണ്ണം അപേക്ഷകൾ മാത്രമാണു സമർപ്പിച്ചിട്ടുള്ളത്. മാത്രമല്ല, പ്രാദേശിക തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 15,000 പേരെക്കൂടി പുതുതായി നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഐസിഐസിഐ സെക്യൂരിറ്റീസിന്റെ ഡാറ്റ പ്രകാരം 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ അപേക്ഷിച്ച പിഇആർഎം ലൈസൻസുകളിൽ 2 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യൻ ഐടി കമ്പനികളുടേത്. ഇതിൽ ഇൻഫോസിസിന് 2022 മുതൽ അപേക്ഷകളൊന്നുമില്ല.
എങ്കിലും, ഭാവിയിലുണ്ടാകുന്ന അനിശ്ചിതത്വം കാരണം അമേരിക്കയിലുള്ള ജോലികൾ കുറയ്ക്കാനും ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിലേക്ക് കൂടുതൽ പ്രോജക്ടുകൾ മാറ്റാനും കമ്പനികൾ നിർബന്ധിതരായേക്കും.
Sports
റാഞ്ചി: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിംഗ് തെരഞ്ഞെടുത്തു. റാഞ്ചിയിലെ ജെഎസ്സിഎ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, നമാൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
ടീം വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ് (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), കാമിൽ പൂരാൻ, ഷിംറോൺ ഹെറ്റ്മയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂതർഫോർഡ്, റോസ്റ്റൺ ചെയ്സ്, റൊമാരിയോ ഷെപ്പേർഡ്, ഗുഡാകേഷ് മോട്ടി, ഷമാർ സ്പ്രിംഗർ, അകിയേൽ ഹൊസെയ്ൻ, ഷമാർ ജോസഫ്.
International
സ്റ്റോക്ക്ഹോം: ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾക്കുമാണ് പുരസ്കാരം.
ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പ്രവര്ത്തകയും നീതിന്യായ വിദഗ്ധയുമാണ് നവനീതം നവി പിള്ള. പലസ്തീനിലെ യുഎൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.
യുഎൻ മനുഷ്യാവകാശ സംഘടന ഹൈക്കമ്മീഷണറായിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്ക്കായുള്ള യുഎൻ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Sports
വെല്ലിംഗ്ടൺ: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പര ആരംഭിക്കുന്നതിനു മുമ്പ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ മാർക്ക് ചാപ്മാനും സാക് ഫൗൾക്സിനും പരമ്പരയിൽ നിന്ന് പുറത്തായി. ഇവർക്ക് പകരമായി ഓൾറൗണ്ടർ ജോഷ് ക്ലാർക്സണും പേസർ ബ്ലെയർ ടിക്നറും ടീമിൽ ഇടംപിടിച്ചു.
യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കുന്നതിനിടെയാണ് മാർക്ക് ചാപ്മാന് പരിക്കേറ്റത്. തുടർന്നുനടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. കാന്റർബറിക്കൊപ്പമുള്ള പരിശീലനത്തിനിടെയാണ് പേസർ സാക് ഫൗൾക്സിന് പരിക്കേറ്റത്.
താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 22നാണ് ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയശേഷം ഇരുടീമുകളും വീണ്ടും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും പരമ്പരയ്ക്കുണ്ട്.
International
വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: ഇന്ത്യ-യുഎസ് നയതന്ത്രബന്ധം കൂടുതൽ വഷളാകുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി വ്യാപാരചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശ വിദഗ്ധർക്കു ഗ്രീൻ കാർഡ് (സ്ഥിരതാമസ അനുമതി) നൽകുന്നതിനുള്ള പ്രധാന പ്രക്രിയയായ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (പിഇആർഎം) പ്രോഗ്രാമിൽനിന്ന് പ്രമുഖ ഇന്ത്യൻ, ആഗോള ഐടി കമ്പനികളെ താത്കാലികമായി സസ്പെൻഡ് ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നടപടി ബന്ധം കൂടുതൽ അസ്വാരസ്യങ്ങൾക്കു വഴിവച്ചിരിക്കുകയാണ്.
ടിസിഎസ് , ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്, കോഗ്നിസന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി ഭീമന്മാർക്കുപുറമെ മൈക്രോസോഫ്റ്റ്, അഡോബ്, ക്യാപ്ജെമിനി എന്നീ എട്ട് വൻകിട ടെക്നോളജി കമ്പനികൾക്കെതിരേയാണ് യുഎസ് തൊഴിൽ വകുപ്പ് നടപടി സ്വീകരിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കമ്പനികളിൽനിന്നുള്ള പുതിയ പിഇആർഎം അപേക്ഷകൾ സ്വീകരിക്കുകയോ നിലവിലുള്ളവ പ്രോസസ് ചെയ്യുകയോ ചെയ്യില്ലെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു.
അടുത്തിടെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, വിദേശ തൊഴിലാളികൾക്കെതിരേ അമേരിക്ക നടത്തുന്ന നീക്കങ്ങളും എച്ച്-1ബി വീസയിലെ പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വലിയ വെല്ലുവിളിയാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയിലേക്ക് ഇന്ത്യൻ ഐടി കമ്പനികൾ നൽകുന്ന വൻ സംഭാവനകൾ തള്ളിക്കളഞ്ഞുകൊണ്ട് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം കടുപ്പമേറിയ നിലപാടുകൾ ഇന്ത്യ-യുഎസ് സാമ്പത്തിക-വ്യാപാര അന്തരീക്ഷത്തെ വഷളാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ട്രംപ് ഭരണകൂടത്തിന്റെ ആരോപണം
വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിൽ വൻതോതിൽ നിയമിക്കുന്നതുവഴി അമേരിക്കക്കാർക്കു ലഭിക്കേണ്ട തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും വീസ സമ്പ്രദായം ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം.
അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് വിദേശ ജീവനക്കാരെ പകരം വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനാണ് ഈ സസ്പെൻഷനെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും തുറന്നടിച്ചു.
എച്ച്-1ബി വീസക്കാരെ എങ്ങനെ ബാധിക്കും?
അമേരിക്കയിൽ വിദേശ ജീവനക്കാർക്ക് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നതിന് തൊഴിൽ വകുപ്പിൽനിന്നു നേടേണ്ട ഏറ്റവും പ്രധാനപ്പെട്ട ആദ്യഘട്ട സാക്ഷ്യപത്രമാണ് പിഇആർഎം. താത്കാലിക തൊഴിൽ വീസയായ എച്ച്-1ബി വീസകളിൽനിന്ന് ഇതു വ്യത്യസ്തമാണ്.
ഈ നടപടി നിലവിലുള്ള എച്ച്-1ബി വീസകളെ നേരിട്ട് റദ്ദാക്കില്ല. ജീവനക്കാർക്കു നിലവിലെ വീസയിൽ തുടർന്ന് ജോലി ചെയ്യാം.
പിഇആർഎം പ്രോസസിംഗ് തടസ്സപ്പെടുന്നതോടെ എച്ച്-1ബി വീസയിൽനിന്ന് ഗ്രീൻ കാർഡിലേക്കു മാറാൻ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ വിദഗ്ധ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ഗ്രീൻ കാർഡ് സ്വപ്നങ്ങൾ വലിയ അനിശ്ചിതത്വത്തിലാകും.
എച്ച്-1ബി വീസയുടെ പരമാവധി കാലാവധിയായ ആറു വർഷം പൂർത്തിയാകുന്ന ഘട്ടത്തിൽ പിഇആർഎം പ്രോസസിംഗ് ആരംഭിച്ചവർക്കു മാത്രമേ സാധാരണയായി വീസ നീട്ടി ലഭിക്കാറുള്ളൂ. പുതിയ സസ്പെൻഷൻ കാരണം ഈ ഘട്ടത്തിലുള്ളവർക്ക് വീസ നീട്ടിയെടുക്കാൻ പ്രയാസം നേരിട്ടേക്കാം.
റിക്രൂട്ട്മെന്റിനെ ബാധിക്കില്ലെന്നു ടിസിഎസ്
യുഎസ് സർക്കാരിന്റെ വിലക്ക് തങ്ങളുടെ പ്രവർത്തനങ്ങളെയോ തൊഴിൽ തന്ത്രങ്ങളെയോ ഉപഭോക്തൃ സേവനങ്ങളെയോ ബാധിക്കില്ലെന്ന് പ്രമുഖ ഇന്ത്യൻ ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പിഇആർഎം പ്രോഗ്രാം വഴി വളരെ കുറഞ്ഞ എണ്ണം അപേക്ഷകൾ മാത്രമാണു സമർപ്പിച്ചിട്ടുള്ളതെന്നും കമ്പനി അറിയിച്ചു.
മാത്രമല്ല, പ്രാദേശിക തൊഴിലവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യുഎസിൽനിന്ന് 15,000 പേരെ കൂടി പുതുതായി കമ്പനിയിലേക്കു നിയമിക്കുമെന്നും ടിസിഎസ് വ്യക്തമാക്കി.
Tech
ന്യൂ ഡൽഹി : സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രണവുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ (നിർദ്ദേശക രേഖ) ഒരു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിൻ വൈഷ്ണവ് അറിയിച്ചു.
എഐ സുരക്ഷ, ഡീപ് ഫെയ്ക്കുകൾ, മനുഷ്യ കേന്ദ്രീകൃത സമീപനം, നൈപുണ്യ വികസനം എന്നിവയ്ക്കാണ് ഈ രേഖയിൽ പ്രധാനമായും മുൻഗണന നൽകുന്നത്. വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളും നിർമിച്ച് സമൂഹത്തിൽ തെറ്റായ പ്രചാരണങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യയെ വലിയ ഭീഷണിയായാണ് സർക്കാർ കാണുന്നത്.
എഐയുടെ ഉപയോഗത്തിൽ സൈബർ സുരക്ഷ, മാനസിക പ്രശ്നങ്ങൾ, ഉപയോക്താക്കളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ കൺസൾട്ടേഷൻ പേപ്പർ പരിശോധിക്കും.
നിയമങ്ങൾ നിർമിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയും നിയമവും ചേർന്നുള്ള ഒരു സംയോജിത സംവിധാനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സുരക്ഷയുടെയും സൈബർ ഭീഷണികളുടെയും കാര്യത്തിൽ വ്യവസായ മേഖലയും പ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
എഐ സാങ്കേതികവിദ്യ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ആരും പിന്നിലാക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക നൈപുണ്യ വികസന നടപടികളും ഇതിൽ ഉൾപ്പെടുത്തും.
പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട കക്ഷികളിൽ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചായിരിക്കും ഭാവിയിലെ കൃത്യമായ എഐ നിയമനിർമാണ ചട്ടക്കൂട് സർക്കാർ രൂപീകരിക്കുക.
Business
കോട്ടയം: വാഹന നിര്മാതാക്കളായ മഹീന്ദ്രയുടെ ഇന്ത്യയിലെ ആദ്യ നൈറ്റ് കെയര് സര്വീസ് സെന്റര് തെള്ളകത്ത് ഹൊറൈസണ് മഹീന്ദ്ര സര്വീസ് സെന്ററില് പ്രവര്ത്തനമാരംഭിച്ചു.
വാണിജ്യ വാഹനങ്ങള്ക്കായി ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സര്വീസ് മഹീന്ദ്ര റീജണല് കസ്റ്റമര് കെയര് മാനേജര് വി. വിജിത്ത് ഉദ്ഘാടനം ചെയ്തു.
പ്രതിമാസം ഏകദേശം 3,000 വാഹനങ്ങള്ക്ക് സര്വീസ് നല്കുന്ന കേന്ദ്രത്തില് നൈറ്റ് ഷിഫ്റ്റ് ആരംഭിച്ചത് വാണിജ്യ വാഹന ഉടമകള്ക്ക് ഏറെ പ്രയോജനകരമാകും.
രാത്രിയില് വാഹനങ്ങള് സര്വീസിന് നല്കാന് കഴിയുന്നത് സ്ഥിരമായി ഉപയോഗിക്കേണ്ടിവരുന്ന വാണിജ്യ വാഹന ഉടമകള്ക്ക് സമയലാഭവും പ്രവര്ത്തന സൗകര്യവും നല്കും.
പ്രാഥമിക ഘട്ടത്തില് വാണിജ്യ വാഹനങ്ങള്ക്കാണ് നൈറ്റ് കെയര് സര്വീസ് ലഭ്യമാക്കുന്നത്.
തുടര്ന്ന് ഘട്ടംഘട്ടമായി കോട്ടയം, ഇടുക്കി ജില്ലകളിലെ എല്ലാ ഹൊറൈസണ് സര്വീസ് സെന്റകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹൊറൈസണ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര് എബിന് എസ്. കണ്ണികാട്ട് പറഞ്ഞു.
Sports
റാഞ്ചി: ആദ്യ മത്സരത്തിലെ തകര്പ്പന് ജയത്തിന്റെ ആത്മവിശ്വാസത്തില് രണ്ടാം ട്വന്റി20 മത്സരത്തിലും ജയം ആവര്ത്തിച്ച് പരമ്പര റാഞ്ചാന് ഇന്ത്യ ഇന്നു വെസ്റ്റ് ഇന്ഡീസിനെ നേരിടും. ഏകദിന പരമ്പര കൈവിട്ട വിന്ഡീസ് ട്വന്റി-20യിലും വമ്പന് വീഴ്ച ഒഴിവാക്കാന് ജയം മാത്രം മുന്നില്ക്കണ്ടാണ് ഇന്നിറങ്ങുക.
ഇന്ത്യ x വിൻഡീസ് മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്നു രാത്രി 7.00ന് റാഞ്ചിയില് നടക്കും. ആദ്യ മത്സരത്തില് നായകന് ശ്രേയസ് അയ്യറുടെ അപരാജിത സെഞ്ചുറി ബലത്തില് ഇന്ത്യ എട്ടു വിക്കറ്റിന് വിന്ഡീസിനെ വീഴ്ത്തിയിരുന്നു.
സ്റ്റാര് പേസര് ജസ്പ്രീത് ബുംറ, ഓള്റൗണ്ടര് ഹാര്ദിക് പാണ്ഡ്യ, സ്പിന്നര് വരുണ് ചക്രവര്ത്തി എന്നിവരുടെ അഭാവത്തിലും ഇന്ത്യക്കു മികച്ച പോരാട്ടം കാഴ്ചവയ്ക്കാന് സാധിക്കുന്നുണ്ട്. ബാറ്റിംഗാണ് ഇന്ത്യയുടെ നട്ടെല്ല്.
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാന് കിഷന്, തിലക് വര്മ, ശ്രേയസ് അയ്യര്, ശിവം ദുബെ എന്നിവർ അണിനിരക്കുന്ന ഇന്ത്യൻ പടയെ പിടിച്ചുകെട്ടുക ശ്രമകരം. ബൗളര്മാരുടെ തീവ്രശ്രമം കൂടിയാകുന്നതോടെ ഇന്ത്യ സേഫ്. അവസാന അഞ്ച് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിട്ടില്ല.
മറുവശത്ത് ജയപരാജയങ്ങള് മാറിമാറി വരുന്ന വിന്ഡീസിന് കാര്യങ്ങള് കടുക്കും. മികച്ച ഫോമിലുള്ള ഷായ് ഹോപ്, ഷിംറോണ് ഹെറ്റ്മെയര്, കമില് പൂരന്, റോവ്മന് പവല്, റൂഥര്ഫോഡ് എന്നീ പവര്ഹൗസുകള് വിന്ഡീസ് നിരയിലുണ്ട്. എന്നാല്, ബാറ്റര്മാര് ഫോമിലാകുമ്പോള് ബൗളര്മാര് കിതയ്ക്കും, ബൗളര്മാര് ഫോമിലാകുമ്പോള് ബാറ്റര്മാര് കിതയ്ക്കും. ഇതാണ് വിന്ഡീസ് പ്രശ്നം.
റാഞ്ചിയിലെ പിച്ച് ബാറ്റര്മാര്ക്ക് പൂര്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. ഇവിടെ നടന്ന 10 മത്സരങ്ങളില് ഒന്നില് മാത്രമാണ് സ്കോര് 200 കടന്നത്. 2023 ജനുവരിക്കു ശേഷം ട്വന്റി-20 മത്സരത്തിന് റാഞ്ചി വേദിയായിട്ടില്ലെന്നതും ശ്രദ്ധേയം.
Kerala
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം തുടർച്ചയായ മൂന്നാംദിനത്തിലേക്ക് കടന്നു. പ്രതിപക്ഷത്തെ എല്ലാ എംപിമാരും രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. സമരത്തില് അണിനിരക്കാന് കോണ്ഗ്രസ് എംപിമാര്ക്ക് എഐസിസി നേതൃത്വം നിര്ദ്ദേശം നല്കിയിട്ടുണ്ട്.
വിവിധ ബസുകളിലായാണ് എംപിമാർ രാജ്ഘട്ടിലേക്ക് പോകുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഒഴുകിയെത്തുന്നുണ്ട്. സമാധാനപരമായി പ്രതിഷേധം നടത്തുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പ്രാർഥന നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
അതേസമയം, പ്രതിഷേധം കടക്കിലെടുത്ത് തലസ്ഥാനത്ത് വന് സേനാവിന്യാസമാണ് നടക്കുന്നത്. ജന്തര് മന്തര് പരിസരത്ത് കനത്ത സുരക്ഷയും ഡല്ഹി പൊലിസ് ഏര്പ്പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്ഗ്രസ് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. രാഹുല് ഗാന്ധിക്ക് എതിരായുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധം നടത്തും. ആദ്യദിനത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കുമാണ് മാർച്ച് നടന്നത്.
Tech
ന്യൂഡൽഹി: ഫെയ്സ്ബുക്ക് ആപ്പിന്റെ മുഖഛായ മാറ്റാൻ ഒരുങ്ങി മെറ്റ. സുഹൃത്തുക്കളുടെ പോസ്റ്റുകളും ഫോട്ടോകളും കാണുന്ന പരമ്പരാഗത 'ഫെയ്സ്ബുക്ക് ഫീഡിന്' പകരം, ആപ്പ് തുറക്കുമ്പോൾ തന്നെ ഫുൾ-സ്ക്രീൻ റീൽസ് ഫീഡിലേക്ക് എത്തുന്ന പുതിയ വീഡിയോ-ഫസ്റ്റ് അനുഭവം ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങി.
ഇന്ത്യയിലെ ചില ഉപയോക്താക്കൾക്കാണ് ഫെയ്സ്ബുക്ക് തുറക്കുമ്പോൾ പതിവ് ഫീഡിന് പകരം നേരിട്ട് റീൽസ് വീഡിയോകൾ കാണിക്കുന്ന ഇന്റർഫേസ് ലഭിച്ചു തുടങ്ങിയത്.
പുതിയ വീഡിയോ അനുഭവം ഇഷ്ടപ്പെടാത്തവർക്ക് പഴയ ഫീഡ്-ഫസ്റ്റ് അനുഭവത്തിലേക്ക് തിരികെ പോകാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. കൂടാതെ ക്ലാസിക് ഫീഡ് ആപ്പിലെ ഒരു പ്രത്യേക ടാബായി എപ്പോഴും ലഭ്യമായിരിക്കും.
ഇന്ത്യയിൽ മെറ്റ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവരിൽ 97 ശതമാനവും ദിവസവും വീഡിയോകൾ കാണുന്നവരാണെന്നും, ജെൻ-ഇസഡ് ഉപയോക്താക്കളിൽ 89 ശതമാനവും ദിവസവും റീൽസ് ഉപയോഗിക്കുന്നവരാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ ഈ പരീക്ഷണത്തിനായി ആദ്യം തെരഞ്ഞെടുത്തത്.
ഉപയോക്താക്കൾ കൂടുതൽ ആഴത്തിലുള്ളതും ദൃശ്യപരവുമായ വീഡിയോ അനുഭവങ്ങളാണ് താൽപ്പര്യപ്പെടുന്നതെന്നും, കമ്മ്യൂണിറ്റികളും സംഭാഷണങ്ങളും ഇപ്പോൾ വീഡിയോകളിലൂടെയാണ് രൂപപ്പെടുന്നതെന്നും ഫെയ്സ്ബുക്ക് മേധാവി ടോം അലിസൺ വ്യക്തമാക്കി. ഇന്ത്യയിലെ പരീക്ഷണത്തിന് ശേഷം അടുത്ത വർഷം അമേരിക്കയിലും ഈ ഫീച്ചർ കൊണ്ടുവരാൻ മെറ്റ പദ്ധതിയിടുന്നുണ്ട്.
Tech
ന്യൂഡൽഹി: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ ക്രോമിൽ 'ജെമിനി' എഐ അസിസ്റ്റന്റിന്റെ സേവനം വ്യാപിപ്പിച്ചു.
വെബ്സൈറ്റുകളിൽ സ്വയം നാവിഗേറ്റ് ചെയ്യാനും ഒന്നിലധികം ഘട്ടങ്ങളുള്ള ഓൺലൈൻ ജോലികൾ ഉപയോക്താക്കൾക്കായി ചെയ്തു തീർക്കാനും സഹായിക്കുന്ന പുതിയ ഓട്ടോ ബ്രൗസ് ഫീച്ചറും ഇന്ത്യയിൽ അവതരിപ്പിച്ചു.
കേവലം വിവരങ്ങൾ നൽകുകയോ വെബ്സൈറ്റുകൾ ചുരുക്കി കാണിക്കുകയോ മാത്രമല്ല, ഉപയോക്താക്കളുടെ നിർദ്ദേശപ്രകാരം വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കാനും ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കാനും ഗ്രോസറി സാധനങ്ങൾ ഓർഡർ ചെയ്യാനും ഈ ഫീച്ചറിന് സാധിക്കും.
ഡെസ്ക്ടോപ്പിന് പുറമെ ഇന്ത്യയിലെ എല്ലാ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്കും ക്രോമിൽ നേരിട്ട് ജെമിനി ഉപയോഗിക്കാനുള്ള സൗകര്യം ഇപ്പോൾ ലഭിക്കും. ഇതിലൂടെ വലിയ ആർട്ടിക്കിളുകൾ ചുരുക്കാനും, ഗൂഗിൾ കലണ്ടർ, കീപ്പ് തുടങ്ങിയ ആപ്പുകളുമായി കണക്റ്റ് ചെയ്യാനും, ചിത്രങ്ങൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും.
ഇന്ത്യയിലെ ഗൂഗിൾ എഐ പ്രോ, എഐ അൽട്രാ വരിക്കാർക്കാണ് 'ഓട്ടോ-ബ്രൗസ്' ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്. പ്രോ വരിക്കാർക്ക് ദിവസേന 20 ടാസ്കുകൾ വരെയും, അൽട്രാ വരിക്കാർക്ക് 200 ടാസ്കുകൾ വരെയും ഇത് ഉപയോഗപ്പെടുത്താം.
സുരക്ഷ മുൻനിർത്തി നിർണായക ഘട്ടങ്ങളിൽ ഉപയോക്താക്കളുടെ അനുമതി തേടുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
Kerala
ബംഗളൂരു: വോട്ടർ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകൾക്കും വോട്ടുകൊള്ളയ്ക്കുമെതിരേ രാജ്യ തലസ്ഥാനത്തും മുംബൈയിലും അലയടിച്ച പ്രതിഷേധം ബംഗളൂരുവിലേക്കും പടരുന്നു. പ്രക്ഷോഭത്തിന് ആവേശം പകരാൻ പ്രമുഖ യു ട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാത്തിയും ബംഗളൂരുവിൽ നേരിട്ടെത്തി. ബംഗളൂരു ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച 'പീപ്പിൾസ് ട്രൈബ്യൂണൽ' പ്രക്ഷോഭത്തിലും തുടർന്നു നടക്കുന്ന പ്രതീകാത്മക 'ചെരുപ്പ് പ്രതിഷേധത്തിലും' സിജെപി ഭാരവാഹികൾക്കൊപ്പം ധ്രുവ് റാത്തിയും ചലച്ചിത്ര താരവും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും അണിനിരന്നു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് അകാരണമായി പേര് ഒഴിവാക്കപ്പെട്ടവർക്കായാണു പീപ്പിൾസ് ട്രൈബ്യൂണൽ സംഘടിപ്പിച്ചത്. ഇതിനുശേഷമാണ് സ്ത്രീകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള 'ചെരുപ്പ് പ്രതിഷേധം'. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഈ നിർണായക പോരാട്ടത്തിൽ എല്ലാ പൗരന്മാരും യുവാക്കളും പങ്കാളികളാകണമെന്ന് പ്രകാശ് രാജും ധ്രുവ് റാത്തിയും ആഹ്വാനം ചെയ്തു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വോട്ടവകാശം നഷ്ടപ്പെട്ട നിരവധി ഇരകൾ തെളിവുകളുമായി ഫ്രീഡം പാർക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രീഡം പാർക്കിലും പരിസരത്തും കനത്ത പൊലിസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
മോദി സർക്കാരിന്റെ കണ്ണിലെ കരട്
കേന്ദ്രനയങ്ങൾക്കും ബിജെപിയുടെ നിലപാടുകൾക്കുമെതിരേ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി ആഞ്ഞടിക്കുന്ന ധ്രുവ് റാത്തി തത്സമയ വസ്തുതാന്വേഷണ വീഡിയോകളിലൂടെ കേന്ദ്ര ഭരണകൂടത്തിന് എന്നും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
2014ൽ മോദി സർക്കാർ അധികാരമേറ്റതു മുതൽ ഇലക്ടറൽ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, മാധ്യമസ്വാതന്ത്ര്യം, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ധ്രുവ് നടത്തിയ വിശകലനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോടിക്കണക്കിനു കാഴ്ചക്കാരുള്ള ധ്രുവിന്റെ യു ട്യൂബ് ചാനൽ വരിക്കാരുടെ എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ചാനലിനെപ്പോലും മറികടന്നിരുന്നു.
ഹരിയാനയിലെ റോഹ്തക് സ്വദേശിയായ ധ്രുവ്, ജർമനിയിലെ കാൾസ്രൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഉന്നതവിദ്യാഭ്യാസത്തിനുശേഷം ബർലിനിൽ സ്ഥിരതാമസമാക്കുകയായിരുന്നു. ബർലിനിലെ സ്വന്തം ഹോം സ്റ്റുഡിയോയിൽനിന്നുമാണ് അദ്ദേഹം പ്രധാനമായും വീഡിയോകൾ ചിത്രീകരിക്കുന്നത്.
നിരന്തര സൈബർ ആക്രമണങ്ങൾ നേരിടുമ്പോഴും ധ്രുവിന്റെ ജനപ്രീതിയും സ്വാധീനവും വർധിക്കുക മാത്രമാണു ചെയ്തത്. ശനിയാഴ്ച ഡൽഹി ജന്തർ മന്തറിലും സമരത്തിന് നേരിട്ടെത്തുമെന്ന പ്രഖ്യാപനത്തോടെ, ധ്രുവ് റാത്തി ഇപ്പോൾ ഡിജിറ്റൽ ഇടങ്ങളിൽ മാത്രമല്ല, തെരുവ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലേക്കും കടന്നുവന്നിരിക്കുകയാണ്.
Sports
സൂറിച്ച്: ഇന്ത്യയുടെ സ്വപ്നമായ ഒളിമ്പിക്സ് ആതിഥേയത്വം അതിന്റെ ശരിയായ ദിശയില്. ഇന്ത്യ അടക്കം ഏഴു രാജ്യങ്ങള് 2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി രംഗത്തുള്ളതായി ഇന്റര്നാഷണല് ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. ഇതു കൂടാതെ പുതിയതായി കടന്നു വരാനുള്ളതടക്കമുള്ള മറ്റു ചില നിബന്ധനകളും ഐഒസി ബുക്ക്ലെറ്റിലൂടെ ഇന്നലെ പ്രസിദ്ധപ്പെടുത്തി.
2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി മുന്നോട്ടുവരാന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റികള്ക്കുള്ള അവസാന തീയതി ഈ മാസം 31 ആണ്. അങ്ങനെ പുതുതായി രംഗപ്രവേശം ചെയ്യുന്ന രാജ്യങ്ങള്ക്ക് ആതിഥേയത്വം അവകാശപ്പെട്ട് പ്രൊജക് ട് സമര്പ്പിക്കാനുള്ള അവസരം 2026 നവംബര്വരെയാണെന്നും ഐഒസി വ്യക്തമാക്കി. 2027 മാര്ച്ചിലാണ് 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള രാജ്യങ്ങളുടെയും നഗരങ്ങളുടെയും അവസാന പട്ടിക ഐഒസി പുറത്തുവിടുന്നത്. 2029 മധ്യത്തോടെ ആതിഥേയത നഗരത്തെ പ്രഖ്യാപിക്കും.
2028ല് യുഎസിലെ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്. 2032 ഒളിമ്പിക്സ് ഓസ്ട്രേലിയന് നഗരമായ ബ്രിസ്ബെയ്നിലും.
7 രാജ്യങ്ങള് രംഗത്ത്
2036 ഒളിമ്പിക്സിന്റെ ആതിഥേയത്വത്തിനായി രംഗത്തുള്ളത് ഇന്ത്യ അടക്കം ഏഴ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റികള്. ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന ആതിഥേയ നഗരം അഹമ്മദാബാദാണ്. 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ശ്രമം തുടരുന്നതിനിടെ, അതിനു മുമ്പായി 2030 കോമണ്വെല്ത്ത് ഗെയിംസിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നുണ്ട്.
ജര്മനിയിലെ മ്യൂണിക്, ഹംഗറിയിലെ ബുഡാപെസ്റ്റ്, ഖത്തറിലെ ദോഹ, ദക്ഷിണകൊറിയയിലെ സിയൂള് എന്നിവിടങ്ങളാണ് 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി രംഗത്തുള്ളത്. ഇതുകൂടാതെ ദക്ഷിണാഫ്രിക്ക മൂന്നു നഗരങ്ങളിലായി നടത്താനുള്ള സന്നദ്ധതയും അറിയിച്ചു. കേപ്ടൗണ്, ഡര്ബന്, ജൊഹാന്നസ്ബര്ഗ് എന്നീ നഗരങ്ങളാണ് ആതിഥേയ നഗരങ്ങളായി ദക്ഷിണാഫ്രിക്ക മുന്നോട്ടു വച്ചിരിക്കുന്നത്.
Sports
കോൽക്കത്ത: രണ്ടു തവണ ഫിഫ ലോകകപ്പ് സ്വന്തമാക്കിയ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെയ്ക്ക് എതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ഇന്ത്യ പൊരുതി കീഴടങ്ങി. 6-1നായിരുന്നു ഉറുഗ്വെൻ ജയം.
മാക്സി അജൂരൊ (28, 59) ഇരട്ട ഗോൾ നേടി. നൂനെസ്, സലാസർ, സനാബ്രിയ, അഗ്വെയ്റെ എന്നിവരും ഉറുഗ്വെയ്ക്കായി ഗോൾ നേടി.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ ഡാർവിൻ നൂനെസിലൂടെ ഉറുഗ്വെ ലീഡ് നേടി. എന്നാൽ, റീ ബൗണ്ട് വലയിലാക്കി അനിരുദ്ധ് ഥാപ്പ 22-ാം മിനിറ്റിൽ ഇന്ത്യയെ ഒപ്പമെത്തിച്ചു. തുടർന്ന് ആക്രമണം അഴിച്ചുവിട്ട ഉറുഗ്വെ, 28-ാം മിനിറ്റിൽ ലീഡ് നേടി. മാക്സി അജൂരൊയുടെ വകയായിരുന്നു ഗോൾ. ഇതിനിടെ ശക്തമായ ഇടിമിന്നൽ എത്തിയതോടെ മത്സരം താത്കാലികമായി നിർത്തിവച്ചു.
2-1ന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ഉറുഗ്വെ 53-ാം മിനിറ്റിൽ മൂന്നാം ഗോൾ ഇന്ത്യൻ വലയിലാക്കി. റോഡ്രിഗോ സലാസാറിന്റെ വകയായിരുന്നു ഗോൾ. 59-ാം മിനിറ്റിൽ മാക്സി അജൂരൊ വീണ്ടും ഇന്ത്യക്കു പ്രഹരമേൽപ്പിച്ചു.
Business
വാഷിംഗ്ടണ് ഡിസി: 2026-27 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാനിരക്ക് 7.1 ശതമാനമാക്കി ഉയർത്തി ലോകബാങ്കിന്റെ പുതിയ പ്രവചനം.
കാർഷികമേഖലയിലെ മാന്ദ്യത്തെ വ്യവസായ, സേവന മേഖലകളിലെ ശക്തമായ മുന്നേറ്റം മറികടക്കുമെന്നും ഇതിലൂടെ മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 50 ബേസിസ് പോയിന്റ് അധിക വളർച്ച നേടാനാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.
ലോകബാങ്കിന്റെ ഒക്ടോബറിലെ സൗത്ത് ഏഷ്യ ഇക്കണോമിക് അപ്ഡേറ്റ് പ്രകാരം ഇന്ത്യയുടെ 2027ലെ വളർച്ചാപ്രവചനം 6.6 ശതമാനത്തിൽനിന്നാണ് 7.1 ശതമാനമായി ഉയർത്തിയത്. 2028 സാന്പത്തികവർഷത്തിൽ 7.2 ശതമാനം വളർച്ചയും പ്രവചിക്കുന്നു. 2026 സാന്പത്തിക വർഷം ബാങ്കിന്റെ അനുമാനമായ 7.6 ശതമാനത്തേക്കാൾ രാജ്യത്തിന്റെ വളർച്ച 7.8 ശതമാനമായി ഉയർന്നിരുന്നു.
ഉയർന്ന എണ്ണവിലയും നാണ്യപ്പെരുപ്പ ഭീഷണിയും നിലനിൽക്കുന്പോഴും, ശക്തമായ ആഭ്യന്തര ഉപഭോഗം ഇന്ത്യയുടെ സാന്പത്തിക വളർച്ചാ നിരക്ക് ഉയർത്താൻ ലോകബാങ്കിനെ പ്രേരിപ്പിച്ചു.
ദക്ഷിണേഷ്യൻ മേഖലയുടെ ആകെ വളർച്ചാ പ്രവചനം 6.9 ശതമാനമായും ലോക ബാങ്ക് പുതുക്കി നിശ്ചയിച്ചു. ഈ മേഖലയുടെ സാന്പത്തികവളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇന്ത്യയുടെ പ്രകടനമാണ്. 2026ൽ 6.9 ശതമാനവും 2027ൽ 6.7 ശതമാനവും വളർച്ചയാണ് മേഖലയിൽ പ്രവചിക്കുന്നത്. എന്നാൽ, ഇന്ത്യയെ ഒഴിവാക്കിയാൽ ഇത് യഥാക്രമം 3.6 ശതമാനമായും 3.8 ശതമാനമായും കുറയും.
എഐ സ്വീകരിക്കണം
സമീപകാല സാന്പത്തികവളർച്ചാ പ്രവചനങ്ങൾക്കപ്പുറം, ദീർഘകാല വളർച്ച നിലനിർത്തുന്നതിനും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ വേഗത്തിൽ സ്വീകരിക്കണമെന്ന് ലോകബാങ്ക് നിർദേശിക്കുന്നു.
രാജ്യത്തിന്റെ അടുത്ത ഘട്ട ഉത്പാദനക്ഷമതയും വളർച്ചയും വർധിപ്പിക്കാൻ ശേഷിയുള്ള പ്രധാന ഘടകമായി എഐക്ക് റിപ്പോർട്ട് വലിയ പ്രാധാന്യം നൽകുന്നു. ലോകബാങ്ക് നടത്തിയ പുതിയ സർവേ പ്രകാരം, യുഎസിൽ 43 ശതമാനം കന്പനികൾ എഐ ഉപയോഗിക്കുന്പോൾ ഇന്ത്യയിൽ ഇത് വെറും 23 ശതമാനം മാത്രമാണ്.എഐ ഉപയോഗത്തിന്റെ സാങ്കേതിക തികവും മികവും പരിഗണിക്കുന്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം കൂടുതൽ വ്യക്തമാകുന്നു.
ലോകബാങ്കിന്റെ എഐ അഡോപ്ഷൻ ഇൻഡെക്സ്അനുസരിച്ച്, യുഎസിന്റെ സ്കോർ 0.85 ആയിരിക്കുന്പോൾ ഇന്ത്യയുടേത് 0.27 മാത്രമാണ്. പണം നൽകി എഐ സോഫ്റ്റ്വേറുകളോ സബ്സ്ക്രിപ്ഷനുകളോ ഉപയോഗിക്കുന്ന ഇന്ത്യൻ സ്ഥാപനങ്ങൾ 3.5 ശതമാനം മാത്രമാണുള്ളത്; എന്നാൽ യുഎസിൽ ഇത് 23.1 ശതമാനമാണ്.
Sports
ദുബായി: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റിൽ (ഡബ്ല്യുസിഎൽ) നിന്ന് പാക്കിസ്ഥാൻ പിന്മാറി. പാക്കിസ്താൻ ടീമിനോട് ഇന്ത്യൻ ടീം മാപ്പ് പറയണമെന്ന ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു.
ഇതിന് ഇന്ത്യ മാപ്പ് പറയണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. കഴിഞ്ഞ സീസണിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഇന്ത്യ-പാക്കിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡ് സംഘാടകർക്ക് മുന്നിൽ ചില ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ സംഘാടകർ അംഗീകരിച്ചില്ല.
തുടർന്നാണ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ പാക്കിസ്ഥാൻ ടീം തീരുമാനിച്ചത്. എന്നാൽ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണമാണ് പാക്കിസ്ഥാൻ പിന്മാറിയതെന്നാണ് ഡബ്ല്യുസിഎൽ സംഘാടകരുടെ വിശദീകരണം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും ജനവികാരവും കണക്കിലെടുത്താണ് ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കാതിരുന്നത്.
Sports
ലക്നോ: 2026 ഏഷ്യന് ഗെയിംസ് ട്വന്റി-20 ക്രിക്കറ്റ് സ്വര്ണ ജേതാക്കളായ ഇന്ത്യന് ടീം ഇന്നു മുതല് അടുത്ത ദൗത്യത്തിന്. വെസ്റ്റ് ഇന്ഡീസിന് എതിരായ അഞ്ചു മത്സര ട്വന്റി-20 പരമ്പരയ്ക്ക് ഇന്നു തുടക്കം. ഇന്ത്യന് സമയം രാത്രി ഏഴിനാണു മത്സരം.
ഏഷ്യന് ഗെയിംസ് ഫൈനലില് പാക്കിസ്ഥാനെ കീഴടക്കി സ്വര്ണം നേടിയശേഷമാണ് ശ്രേയസ് അയ്യര് നയിക്കുന്ന ടീം വിന്ഡീസിനെതിരേ ഇറങ്ങുന്നത്. സഞ്ജു സാംസണ്, വൈഭവ് സൂര്യവംശി, ഇഷാന് കിഷന്, തിലക് വര്മ തുടങ്ങിയവര് ഇന്ത്യന് സംഘത്തിലുണ്ട്. അതേസമയം, പേസര് ജസ്പ്രീത് ബുംറ ടീമിനൊപ്പം ഇല്ല.
ഇന്ത്യക്കു പിഴ
ഇന്ത്യ x വെസ്റ്റ് ഇന്ഡീസ് മൂന്നാം ഏകദിനത്തില് സ്ലോ ഓവര് റേറ്റിനെത്തുടര്ന്ന് ഇരുടീമിനും പിഴ. ഇന്ത്യക്കു മാച്ച് ഫീസിന്റെ 20 ശതമാനവും വിന്ഡീസിന് 10 ശതമാനവുമാണ് പിഴ. മൂന്നു മത്സര പരമ്പര 2-1നു ഇന്ത്യ നേടി.
Sports
ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റ് ഇന്ഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില് പരിക്കേറ്റ ജുവല് ആന്ഡ്രൂവിന് കളിക്കാനാവില്ല.
പകരക്കാരനായി അമീര് ജാംഗുവിനെ വിന്ഡീസ് ടി20 സ്ക്വാഡില് ഉള്പ്പെടുത്തി. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില് നമന് ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആന്ഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തില് നടന്ന മത്സരത്തിന് ശേഷം അദ്ദേഹത്തെ എക്സ്-റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ആന്ഡ്രൂവിന്റെ പരിക്ക് മെഡിക്കല് സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്ഡീസ് അറിയിച്ചു. ഇന്ത്യന് ഇന്നാംങ്സിന്റെ 36-ാം ഓവറിലെ അവസാന പന്തിലായിരുന്നു ആന്ഡ്രൂവിന് പരിക്കേറ്റത്.
വിന്ഡീസ് ഇടംകൈയ്യന് സ്പിന്നര് ഗുഡകേഷ് മോതിയുടെ പന്തില് ബാറ്റിംഗ് ഓള്റൗണ്ടര് നമന് ധീര് കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാന് ശ്രമിക്കുന്നതിനിടയിലാണ് ആന്ഡ്രൂവിന്റെ വിരലിന് ശക്തമായ പരിക്കേറ്റത്. തുടര്ന്ന് അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം തേടേണ്ടി വരികയും ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.
352 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന വിന്ഡീസിനായി ബാറ്റിംഗ് ഓപ്പണ് ചെയ്യാന് ആന്ഡ്രൂവിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് പകരം ക്യാപ്റ്റന് ഷായ് ഹോപ്പാണ് ഓപ്പണിംഗിനെത്തിയത്.
2024 ഡിസംബറിലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇന്ഡീസിനായി ഏഴ് ടി20 മത്സരങ്ങള് അമീര് ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളില് നിന്ന് 120.74 സ്ട്രൈക്ക് റേറ്റില് 163 റണ്സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എങ്കിലും, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില് മികച്ച ഫോമിലായിരുന്നു 29 കാരനായ ജാംഗു.
Sports
കോൽക്കത്ത: ഫുട്ബോൾ ആവേശം ചോരാതിരിക്കാൻ ഇന്ത്യ-യുറഗ്വായ് മത്സരത്തിന്റെ ടിക്കറ്റ് ചാർജ് കുത്തനെ വെട്ടിക്കുറച്ച് എഐഎഫ്എഫ്. കഴിഞ്ഞ ദിവസം ബ്രസീലുമായുള്ള മത്സരം നടന്നപ്പോൾ പോലും സ്റ്റേഡിയത്തിൽ ആളുകൾ കുറവായിരുന്നു. വിനീഷ്യസ് ജൂണിയറും എൻഡ്രിക്കും അടക്കമുള്ള വമ്പൻ താരനിര അണിനിരന്നിട്ടും കഴിഞ്ഞ മത്സരങ്ങളിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് ആറിന് കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന യുറഗ്വായ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ എഐഎഫ്എഫ് വൻ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന നിരക്കുകൾ കാരണം ആരാധകർ സ്റ്റേഡിയത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒഴിവാക്കാനാണ് ഈ നടപടി. നേരത്തെ 1,999 രൂപയുണ്ടായിരുന്ന ചില ടിക്കറ്റുകൾ വെറും 199 രൂപയ്ക്കാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
സി2 ലെഫ്റ്റ്, സി2 റൈറ്റ് ബ്ലോക്കുകളിലെ ടിക്കറ്റുകൾക്കാണ് ഈ വൻ വിലക്കുറവ്. ഡിസ്ട്രിക്ട് ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആരാധകർക്ക് ഇപ്പോൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളത്തിലിറങ്ങുമ്പോൾ ആരവമുയരുന്ന കോൽക്കത്തയിലെ ഫുട്ബോൾ ഗാലറികൾ അന്താരാഷ്ട്ര മത്സരങ്ങളിലും സജീവമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Sports
ഷാർജ: ലോക ലെജൻഡ്സ് ടി20 ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ തകർത്ത് ഇന്ത്യ. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ 46 റൺസിനാണ് ഇന്ത്യ ഓസീസിനെ കീഴടക്കിയത്. ക്യാപ്റ്റൻ യുവരാജ് സിംഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ധവാൽ കുൽക്കർണിയുടെ തകർപ്പൻ ബൗളിങ്ങുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്.
44 പന്തിൽ 71 റൺസെടുത്ത യുവരാജ് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. യൂസഫ് പഠാൻ 20 പന്തിൽ 37 റൺസും നമാൻ ഓജ 26 പന്തിൽ 31 റൺസും നേടി. അവസാന ഓവറുകളിൽ ഋഷി ധവാന്റെ വെടിക്കെട്ട് പ്രകടനവും ഇന്ത്യക്ക് തുണയായി.
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാംപ്യൻസ് 16.2 ഓവറിൽ 150 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്കായി ധവാൽ കുൽക്കർണി നാല് വിക്കറ്റ് വീഴ്ത്തി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ ഗോൾഡൻ ഡക്കായി മടങ്ങി.
ആർസി ഷോർട്ടും ജോ ബേൺസും ചേർന്ന് ഓസീസ് ഇന്നിംഗ്സിന് പ്രതീക്ഷ നൽകിയെങ്കിലും മറ്റുള്ളവർക്ക് കാര്യമായ സംഭാവന നൽകാനായില്ല. ഷോർട്ട് 28 പന്തിൽ 65 റൺസും ബേൺസ് 32 പന്തിൽ 45 റൺസും നേടി. ജൊനാഥൻ വെൽസാണ് രണ്ടക്കം കടന്ന മറ്റൊരു താരം. ഏഴ് പന്തിൽ 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഇന്ത്യ, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റൻഡീസ് എന്നിവരുടെ ചാംപ്യൻസ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മൂന്നു മുതൽ 18 വരെ ഷാർജയിലാണ് ടൂർണമെന്റ് നടക്കുന്നത്.
Sports
നഗോയ: ഇരുപതാമത് ഏഷ്യന് ഗെയിംസ് പോരാട്ടം ഇന്ത്യ സുവര്ണ നേട്ടങ്ങളോടെ അവസാനിപ്പിച്ചു.
ഗെയിംസിന്റെ 15-ാം ദിനമായ ഇന്നലെ നാലു സ്വര്ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം ആറു മെഡല് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല് നേട്ടം 21 സ്വര്ണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെ 85 മെഡലായി.
മെഡല് ടേബിളില് നാലാം സ്ഥാനത്തും ഇന്ത്യ ഫിനിഷ് ചെയ്തു. 2022ല് 28 സ്വര്ണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡല് നേടിയ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. മെഡല് എണ്ണം കുറഞ്ഞെങ്കിലും നാലാം സ്ഥാനത്തുതന്നെ തുടരാന് ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം.
ഇന്നു കൊടിയിറങ്ങും
ഐച്ചി-നഗോയ: ഇരുപതാമത് ഏഷ്യന് ഗെയിംസിന് ഇന്നു കൊടിയിറങ്ങും. ഇന്ത്യന് സമയം ഉന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് സമാപന സമ്മേളനത്തിനു തിരിതെളിയുന്നത്.
സമാപന സമ്മേളനത്തില് ഇന്ത്യന് ദേശീയ പതാക കൈയിലേന്തുന്നത് വനിതാ ഷൂട്ടിംഗ് താരമായ നീരു ദണ്ഡയാണ്. ട്രാപ്പ് ഷൂട്ടിംഗില് രണ്ടു സ്വര്ണവും ഒരു വെള്ളിയും ഇത്തവണ നീരു സ്വന്തമാക്കി. ഇന്ത്യയില് എത്തിയശേഷമാണ് സമാപന ചടങ്ങിലേക്കായി നീരു ജപ്പാനില് തിരികെയെത്തിയതെന്നതും ശ്രദ്ധേയം.
ഇരുപത്തിയൊന്ന് സ്വര്ണം ഉള്പ്പെടെ 85 മെഡലുകളുമായി ഏഷ്യന് ഗെയിംസ് 2026ല് ഇന്ത്യയുടെ പോരാട്ടത്തിന് ആവേശക്കൊടിയിറക്കം. പുരുഷ ഹോക്കിയുടെ കലാശപ്പോരില് മലേഷ്യയെ 5-1ന് തകര്ത്താണ് ഇന്ത്യയുടെ സ്വര്ണവേട്ടയ്ക്കു പരിസമാപ്തിയായത്. ഇതോടെ നാലുവര്ഷത്തിലൊരിക്കല് അരങ്ങേറുന്ന കായിക മാമാങ്കത്തില് ഇത്തവണ ഇന്ത്യ നാലാം സ്ഥാനത്തെത്തി.
അതേസമയം, 2022 ഹ്വാങ്ഷൂ ഏഷ്യന് ഗെയിംസുമായി താരതമ്യപ്പെടുത്തുമ്പോള് ഇത്തവണ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം കുറഞ്ഞു. ഏഴ് സ്വര്ണമെഡലുകള് ഉള്പ്പടെ 21 മെഡലുകളാണ് ഇത്തവണ ഇന്ത്യന് താരങ്ങളുടെ കൈകളില് നിന്ന് വഴുതിമാറിയത്. ഹ്വാങ്ഷൂവില് മൊത്തം 106 മെഡലുകളാണ് ഇന്ത്യ നേടിയത്.
169 സ്വര്ണം ഉള്പ്പെടെ 341 മെഡലുകള് വാരിക്കൂട്ടിയ ചൈനയാണ് ഗെയിംസിലെ ജേതാക്കള്. ആതിഥേയരായ ജപ്പാന് 83 സ്വര്ണം ഉള്പ്പടെ 269 മെഡലുകള് നേടി. 39 സ്വര്ണം ഉള്പ്പടെ 150 മെഡലുകളുമായി ദക്ഷിണകൊറിയ ഇന്ത്യക്കു തൊട്ടുമുന്നിലെത്തി.
Sports
ചണ്ഡിഗണ്ഡ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസിന്റെ വിജയലക്ഷ്യമാണ് വെസ്റ്റ് ഇൻഡീസിന് മുന്നിൽ വെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ ഷായ് ഹോപിന്റെ തകർപ്പൻ പ്രകടനമാണ് വിൻഡീസിന് അനായാസ ജയമൊരുക്കിയത്. പുറത്താകാതെ നിന്ന ഷായ് ഹോപ്പ് 143 പന്തുകളിൽ നിന്ന് 162 റൺസ് വാരിക്കൂട്ടി.
കൂടാതെ അമീർ ജംഗു (67) അർധസെഞ്ചുറിയും നേടി വിൻഡീസിന്റെ വിജയത്തിന് അടിത്തറയിട്ടു. കീമോ പോൾ 44 റൺസും നേടി.
ഇന്ത്യൻ നിരയിൽ കെ.എൽ. രാഹുൽ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ (129*) കരുത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. എങ്കിലും വിൻഡീസ് ബാറ്റിംഗ് നിരയുടെ കരുത്തുമുന്നിൽ ഇന്ത്യൻ ബൗളിംഗ് നിരക്ക് പിടിച്ചുനിൽക്കാനായില്ല.
Sports
കോൽക്കത്ത: ബ്രസീലിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് നാല് ഗോളുകളുടെ തോൽവി. ഫിഫ റാങ്കിംഗിൽ മുൻപിലുള്ള ബ്രസീലിനെതിരെ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം തീർക്കാൻ ഇന്ത്യക്കായെങ്കിലും, മുൻനിര താരങ്ങളുടെ ഗോളടി മികവിന് മുന്നിൽ ഇന്ത്യൻ പ്രതിരോധം കീഴടങ്ങുകയായിരുന്നു.
മത്സരത്തിന്റെ 28-ാം മിനിറ്റിൽ യുവതാരം എസ്തെവാവോ വില്ലെയ്ൻ ആണ് ബ്രസീലിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ കീപ്പർ ഗുർപ്രീത് സിംഗിന്റെ സന്ധുവിന്റെ പിഴവ് മുതലെടുത്ത് പെഡ്രോ ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കി (2-0). ആദ്യ പകുതിയിൽ ഇന്ത്യയുടെ മുന്നേറ്റങ്ങൾ രണ്ട് ഷോട്ടുകളിൽ ഒതുങ്ങിയപ്പോൾ, ബ്രസീൽ 11 ഷോട്ടുകളാണ് പോസ്റ്റിലേക്ക് പായിച്ചത്.
രണ്ടാം പകുതിയിൽ വിനിസ്യൂസ് ജൂനിയർ ഉൾപ്പെടെയുള്ള പ്രമുഖരെ പിൻവലിച്ച് ബ്രസീൽ പുതിയ താരങ്ങളെ കളത്തിലിറക്കി. പകരക്കാരനായി ഇറങ്ങിയ സാമുവൽ ലിനോ രണ്ടും കൽപ്പിച്ചുള്ള മുന്നേറ്റത്തിലൂടെ 58-ാം മിനിറ്റിലും ഇൻജുറി ടൈമിലുമായി (90+5) രണ്ട് ഗോളുകൾ നേടി ബ്രസീലിന്റെ വിജയം പൂർത്തിയാക്കി.
റയാൻ വില്യംസും മൻവീർ സിംഗും ഇന്ത്യൻ നിരയിൽ ചില മികച്ച ഗോൾശ്രമങ്ങൾ നടത്തിയെങ്കിലും ബ്രസീലിയൻ ഗോൾമുഖം വിറപ്പിക്കാൻ അവയ്ക്കായില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബ്രസീൽ വിജയം സ്വന്തമാക്കി.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ മലേഷ്യയെ 5-1 ഗോളിന് തകർത്ത് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഈ വിജയത്തോടെ 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ ടീം ഉറപ്പാക്കി.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കിരീടം നിലനിർത്തുന്നത് ഇതാദ്യമാണ്. പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണ മെഡലാണിത്.
ഈ ജയത്തോടെ 21 സ്വർണ മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ഉസ്ബക്കിസ്ഥാനും തുല്യ എണ്ണം സ്വർണ മെഡലുകൾ ഉണ്ടെങ്കിലും രണ്ട് വെള്ളിയുടെ മുൻതൂക്കത്തിലാണ് ഇന്ത്യ നാലാം സ്ഥാനം സ്വന്തമാക്കിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടി ഇന്ത്യ. ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സ്വർണം നേടിയത്.
ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുക്കാനെ സാധിച്ചുള്ളു. 96 റൺസെടുത്ത ഹസൻ നവാസും 29 റൺസെടുത്ത സയിം അയൂബും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെയും അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 211 റൺസെടുത്തത്.
അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അഭിഷേക് 61 റൺസും തിലക് 51 റൺസുമാണെടുത്തത്. ശിവം ദുബെ 27 റൺസും ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതമെടുത്തു. സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 19 ആയി. ആകെ മെഡൽ നേട്ടം 81 ഉം ആയി.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണെടുത്തത്.
അഭിഷേക് ശർമയുടെയും തിലക് വർമയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അഭിഷേക് 61 റൺസും തിലക് 51 റൺസുമാണെടുത്തത്. ശിവം ദുബെ 27 റൺസും ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസുമെടുത്തു.
പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതമെടുത്തു. സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ പത്ത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.
അർധസെഞ്ചുറി നേടിയ അഭിഷേക് ശർമ (61), വൈഭവ് സൂര്യവൻഷി (15) , സഞ്ജു സാംസൺ (രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സെമിഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മറുവശത്ത് ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് പാക്കിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് സ്വർണം ലക്ഷ്യമിട്ടാണ് ഇറങ്ങിയിരിക്കുന്നത്. 2023ലെ ഹാംഗ്ചൗ ഏഷ്യൻ ഗെയിംസിലും ഇന്ത്യയാണ് പുരുഷ ക്രിക്കറ്റിൽ സ്വർണം നേടിയത്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ഗോൾഫിൽ പ്രണവി ശരത്തിന് സ്വർണം. വനിതകളുടെ വ്യക്തികളുടെ വിഭാഗത്തിലാണ് പ്രണവി സ്വർണം നേടിയത്.
ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഗോൾഫിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡും പ്രണവി സ്വന്തമാക്കി. വനിതളുടെ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടിയിട്ടുണ്ട്.
ഈ ഗെയിംസിലെ ഇന്ത്യയുടെ 18-ാം സ്വർണമാണ് പ്രണവിയിലൂടെ ലഭിച്ചത്. ഇതുവരെ 77 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് പുരുഷൻമാരുടെ ഫൈനലിൽ പാക്കസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിശിനിലെ കൊരോഗി സ്പോർട്സ് പാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഇന്ത്യ: വൈഭവ് സൂര്യവൻഷി, അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ.
ടീം പാക്കിസ്ഥാൻ: ഷാഹിബ്സാദ ഫർഹാൻ (ക്യാപ്റ്റൻ), മാസ് ശദാഖത്ത്, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), സയിം അയൂബ്, ഹസൻ നവാസ്, അബ്ദുൾ സമദ്, അറാഫത്ത് മിൻഹാസ്, അഹ്മദ് ഡാനിയൽ, സാദ് മസൂദ്, അബ്രാർ അഹ്മദ്, സൂഫിയൻ മോഖിം.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ റിക്കർവ് വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി അനിൽ മൊഹോദ് സ്വർണം നേടി. ശക്തമായ തിരിച്ചുവടിലൂടെ കൊറിയൻ താരത്തെ പരാജയപ്പെടുത്തിയാണ് യുവതാരം ഈ നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച മാത്രം ഇന്ത്യ ആറ് സ്വർണമെഡലുകളാണ് ഗെയിംസിൽ വാരിക്കൂട്ടിയത്. അമ്പെയ്ത്തിലെ സ്വർണനേട്ടത്തിന് പിന്നാലെ ബോക്സിംഗ് റിങ്ങിലും ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ബോക്സിംഗിൽ മാത്രം മൂന്ന് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.
നിലവിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 77 ആയി ഉയർന്നു. 17 സ്വർണവും 25 വെള്ളിയും 35 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യങ്ങളുടെ പട്ടികയിൽ 162 സ്വർണവും ആകെ 317 മെഡലുകളുമായി ചൈന ബഹുദൂരം മുന്നിലാണ്.
National
ന്യൂഡല്ഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ, യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള തന്ത്രപ്രധാന സ്ഥലങ്ങൾ ഉൾപ്പടെ 28 പ്രദേശങ്ങൾക്കും ഭൂപ്രകൃതി സവിശേഷതകൾക്കും കേന്ദ്രസർക്കാർ അംഗീകൃത പേരുകൾ നൽകി സർവേ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ രേഖപ്പെടുത്തി.
ലഡാക്ക് ഭരണകൂടവുമായി കൂടിയാലോചിച്ചു നടത്തിയ ഈ നടപടിയിലൂടെ, സൈനിക പട്രോളിംഗിനു നിർണായകമായ ഗോഗ്ര, ഹോട്ട് സ്പ്രിംഗ് തുടങ്ങിയ പ്രവിശ്യകൾ ഭൂപടത്തിന്റെ ഭാഗമായി.
2020 മേയ് അഞ്ചിന് പാംഗോംഗ് തടാക മേഖലയിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ആരംഭിച്ച ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രധാന കേന്ദ്രങ്ങളായിരുന്നു ഇവ.
പുതുതായി ഉൾപ്പെടുത്തിയ പ്രധാന സ്ഥലങ്ങൾ
കൊടുമുടികൾ (10 എണ്ണം): അതീശ ഗിരി, കനിഷ്ക കൊടുമുടി, മാർത്താണ്ഡ് ഗിരി, സൊറാവർ കൊടുമുടി, റിഞ്ചെൻ സാംഗ്പോ, ശാക്യശ്രീ ഗിരി, മഹേശ്വര റി, ശിവ റി, മിലരേപ കംഗ്രി, മാർപ ലോത്സാവ റി.
ഭൂപ്രദേശങ്ങൾ: ബ്രംഗ്സ, കുക്സെൽ, ദെഹ്ര കോമ്പസ്, ഗോഗ്ര, ശമൽ ലുംഗ്പ, പങ്ക് ലുംഗ്, കുമാരായന പോയിന്റ്.
മലനിരകൾ: കാരുൺ പീർ, ജോൽമോരി, ദ്രക് കാർപോ.
ഹിമാനികൾ: പാർപിക്, സ്കംരി.
ചുരങ്ങൾ: ചാപ്ചിംഗൽ, ഷാച്മിർക്.
മറ്റു വിഭാഗങ്ങൾ: ഷകോർഗ വാലി (താഴ്വര), ഗുരു റിമ്പോച്ചെ (തടാകം), യാംഗ്പ (നദി), ഹോട്ട് സ്പ്രിംഗ് (ജലാശയം).
പൊതുജനങ്ങൾക്കിടയിൽ ശരിയായ അവബോധം ഉറപ്പാക്കാനും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലാത്ത നിയന്ത്രണരേഖ അതിർത്തിമേഖലയിൽ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ നൽകാനുമാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
Sports
കോല്ക്കത്ത: ഇന്ത്യന് ഫുട്ബോള് ചരിത്രത്തിലെ ഐതിഹാസിക പോരാട്ടം ഇന്ന്. ഫിഫ ലോകകപ്പ് അഞ്ചു തവണ സ്വന്തമാക്കിയ, ലോക റാങ്കിംഗില് അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിനുമായി ഇന്ത്യന് പുരുഷ ടീം സൗഹൃദ ഫുട്ബോള് കളിക്കുന്നു.
അതും ഇന്നു രാത്രി 7.30ന് കോല്ക്കത്ത സാള്ട്ട് ലേക്ക് സ്റ്റേഡിയത്തില്. ചരിത്രത്തില് ആദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മില് ഏറ്റുമുട്ടുന്നത്.
138-ാം സ്ഥാനക്കാരാണ് ഇന്ത്യ. ഖാലിദ് ജമീലാണ് ടീമിന്റെ മുഖ്യ പരിശീലകന്.
അതേസമയം, കാര്ലോ ആഞ്ചെലോട്ടി മുഖ്യപരിശീലകനായുള്ള ബ്രസീലിന്റെ 26 അംഗ സംഘത്തില് വിനിസ്യൂസ് ജൂണിയര്, റാഫീഞ്ഞ, എന്ഡ്രിക്, മാര്ക്കിഞ്ഞോസ്, ബ്രൂണോ ഗിമാറാഷ് തുടങ്ങിയ വമ്പന് താരങ്ങളാണ് അണിനിരക്കുന്നത്.
Sports
നിഷിൻ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശകരമായ ഫൈനലിൽ ആതിഥേയരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണനേട്ടം സ്വന്തമാക്കിയത്. 44 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്നത്.
ഇതിന് മുമ്പ് 1982ലായിരുന്നു ഇന്ത്യയുടെ സ്വർണനേട്ടം. മത്സരത്തിന്റെ തുടക്കത്തിൽ ചൈന ആക്രമണം ശക്തമാക്കിയെങ്കിലും പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. തുടർന്ന് ചൈന നടത്തിയ ശക്തമായ ആക്രമണങ്ങളെ പ്രതിരോധ നിര മികച്ച രീതിയിൽ തടഞ്ഞുനിർത്തി.
ഇതിനിടയിൽ ഗോൾകീപ്പർ സവിത പുനിയ ചൈനയുടെ പെനൽറ്റി സ്ട്രോക്ക് രക്ഷപ്പെടുത്തിയതും ഇന്ത്യയ്ക്ക് നിർണായകമായി. രണ്ടാം ക്വാർട്ടറിൽ സമനില പിടിക്കാനുള്ള ശ്രമവുമായി ചൈന ആക്രമണം ശക്തമാക്കി. തുടക്കത്തിൽ തന്നെ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു.
മൂന്നാം ക്വാർട്ടറിലും ചൈന തുടർച്ചയായി ആക്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. അവസാന ക്വാർട്ടറിലും ചൈനയുടെ മുന്നേറ്റങ്ങളെ സമർഥമായി തടഞ്ഞ ഇന്ത്യ ലീഡ് കാത്തുസൂക്ഷിച്ചു. അവസാന വിസിൽ മുഴങ്ങിയതോടെ ഇന്ത്യ 1-0ന്റെ വിജയം സ്വന്തമാക്കി. ഇതോടെ വനിതാ ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടി ഇന്ത്യ 44 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്.
ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 16 ആയി. 25 വെള്ളിയും, 35 വെങ്കലവും ഉൾപ്പടെ 76 മെഡലുകളുമായി ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
Sports
നഗോയ്: ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണനേട്ടം. വനിതാ ബോക്സിംഗ്, ആർച്ചറി, പുരുഷ ഗുസ്തി, പുരുഷ ബോക്സിംഗ് എന്നിവ ഉൾപ്പെടെ നാല് സ്വർണം നേടിയ ഇന്ത്യയുടെ ആകെ സ്വർണനേട്ടം 15 ആയി ഉയർന്നു. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി.
15 സ്വർണം, 25 വെള്ളി, 35 വെങ്കലം ഉൾപ്പടെ ആകെ 75 മെഡലായി. വനിതകളുടെ 65 കിലോഗ്രാം ബോക്സിംഗ് ഫൈനലിൽ ചൈനീസ് തായ്പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യയ്ക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവാണ് ചെൻ നിയെൻ ചിൻ.
ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്സർമാർ സ്വർണം നേടുന്നത് ഇതാദ്യമാണ്. നേരത്തെ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനയുടെ ബാവോ സിയെ 5-0ന് പരാജയപ്പെടുത്തി ലവ്ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണം നേടിയിരുന്നു.
ഇതോടെ ഇതിഹാസ താരം മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്സറായി ലവ്ലിന മാറി. അതേസമയം ബോക്സിംഗ് പുരുഷന്മാരുടെ 80 കിലോഗ്രാം വിഭാഗത്തിൽ അങ്കുഷ് പംഗലും സ്വർണം നേടി.
പിന്നാലെ ഗുസ്തിയിലും ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിസാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്.
Sports
നഗോയ: ഏഷ്യന് ഗെയിംസില് ഇന്ത്യക്ക് ഇന്നലെ ലഭിച്ചത് രണ്ടു വെള്ളിയും നാലു വെങ്കലവും ഉള്പ്പടെ ആറു മെഡല്. ഇതില് ഒരു വെള്ളി സമ്മാനിച്ചത് മലയാളി താരങ്ങള്. ഇന്ത്യയുടെ ആകെ മെഡല് നേട്ടം 65 ആയി. ഗുസ്തിയിലും സെയ്ലിംഗിലുമായിരുന്നു ഇന്നലെ ഇന്ത്യയുടെ വെള്ളി നേട്ടം.
സെയ്ലിംഗ് പുരുഷ സ്കിഫില് മലയാളി താരങ്ങളായ മനു ഫ്രാന്സിസ്, പ്രിന്സ് നോബിള് കുരിശിങ്കല് ടീം വെള്ളി സ്വന്തമാക്കി. ഇരുവരും കസിൻസാണ്. ചൈനയ്ക്കു (16 പോയിന്റ്) പിന്നില് 23 പോയിന്റുമായാണ് ഇന്ത്യ വെള്ളിയിലെത്തിയത്. ഹോങ്കോംഗിനാണ് (23) വെങ്കലം.
വനിതാ സ്കിഫ് സെയ്ലിംഗില് ഹർഷിത തോമർ - ശീതൾ വർമ സഖ്യം ഇന്ത്യൻ അക്കൗണ്ടിൽ വെങ്കലം എത്തിച്ചു.
പുരുഷ വിഭാഗം 97 കിലോഗ്രാം ഗുസ്തിയില് ഇന്ത്യയുടെ നിതേഷ് സിവാച്ച് വെള്ളി സ്വന്തമാക്കി. ഫൈനലില് ജപ്പാന്റെ യൂറി നകാസോട്ടോയോട് 4-0നു പരാജയപ്പെട്ടാണ് നിതേഷ് വെള്ളിയിലൊതുങ്ങിയത്. മംഗോളിയയുടെ ഗന്ബാതര്യനെ സെമിയില് വീഴ്ത്തിയായിരുന്നു (9-0) ഇന്ത്യന് താരത്തിന്റെ ഫൈനല് പ്രവേശം.
സ്ക്വാഷ്, അമ്പെയ്ത്ത്
സ്ക്വാഷില് ഇന്നലെ രണ്ടു വെങ്കലം ഇന്ത്യന് അക്കൗണ്ടിലെത്തി. പുരുഷ-വനിതാ ടീം ഇനങ്ങളില് സെമിയില് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തില് ഒതുങ്ങിയത്. വനിതാ ടീം ഇനത്തില് ഹോങ്കോംഗിനോടാണ് (2-1) ഇന്ത്യയുടെ തോല്വി. പുരുഷന്മാര് മലേഷ്യയോടും (2-1) സെമിയില് തോറ്റു.
അമ്പെയ്ത്തില് ടി.ജി. മണിരത്നമാണ് വെങ്കലം എയ്തു സ്വന്തമാക്കിയത്. പുരുഷ വ്യക്തിഗത കോംബോണ്ട് ഇനത്തിലായിരുന്നു മണിരത്നത്തിന്റെ വെങ്കലം.
ഏഷ്യന് ഗെയിംസ് ചരിത്രത്തില് പുരുഷ സ്കിഫ് സെയ്ലിംഗില് മെഡല് നേടുന്ന ആദ്യ ഇന്ത്യന് താരങ്ങള് എന്ന നേട്ടത്തോടെയാണ് കസിന് ബ്രോസായ പ്രിന്സും മനുവും വെള്ളിയണിഞ്ഞത്. കൊച്ചി സ്വദേശികളായ ഇരുവരും 2022, 2023 ഏഷ്യന് സെയ്ലിംഗ് ചാമ്പ്യന്ഷിപ്പ് വെങ്കല മെഡല് ജേതാക്കളാണ്.
2018 വെള്ളപ്പൊക്കത്തില് ജീവന് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മകനാണ് പ്രിന്സ് നോബിള്. കുട്ടിക്കാലം മുതല് കടലും വെള്ളവും പ്രിന്സിന്റെ ജീവിതഭാഗമായിരുന്നു. പ്രിന്സും മനുവും ഒന്നിച്ചതോടെ രാജ്യത്തിനായി മെഡല് നേടുന്ന കേരളത്തിന്റെ അഭിമാനങ്ങളായി.
അച്ഛന്റെ മരണശേഷം തന്റെ സ്വപ്നത്തിനായി ഒപ്പം നിന്നത് അമ്മയാണെന്ന് പ്രിന്സ് മനസ് തുറന്നു. ഈ ചരിത്ര ഏഷ്യന് ഗെയിംസ് മെഡല് അച്ഛനും അമ്മയ്ക്കും കോച്ചുമാര്ക്കും സമര്പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
13-ാം വയസ് മുതല് പ്രിന്സ് സെയ്ലിംഗ് ആരംഭിച്ചതാണ്. നോബിള് 14-ാം വയസിലും തുടങ്ങി. ഇന്ത്യന് ആര്മി ജീവനക്കാരാണ് ഇരുവരും.
Sports
നഗോയ: ഏഷ്യന് ഗെയിംസ് പുരുഷ ഹോക്കിയില് നിലവിലെ സ്വര്ണ ജേതാക്കളായ ഇന്ത്യ ഫൈനലില്. ഇന്നലെ നടന്ന ആദ്യസെമിയില് ചിരവൈരികളായ പാക്കിസ്ഥാനെ പറപ്പിച്ചാണ് ഇന്ത്യയുടെ ഫൈനല് പ്രവേശം.
ഏഴു ഗോള് പിറന്ന സൂപ്പര് ത്രില്ലര് പോരാട്ടത്തില് മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഇന്ത്യന് ജയം. സ്വര്ണപ്പോരാട്ടത്തില് ഇന്ത്യ, മലേഷ്യയെ നേരിടും. നാളെയാണ് ഫൈനല്.
ഹര്മന്പ്രീത് ഡബിള്
ഹര്മന്പ്രീത് സിംഗിന്റെ ഇരട്ടഗോളിലായിരുന്നു ഇന്ത്യ ജയമാഘോഷിച്ചത്. അഞ്ച്, 13 മിനിറ്റുകളില് ഹര്മന്പ്രീത് സിംഗ് പാക് വല കുലുക്കിയതോടെ ഇന്ത്യ 2-0ന്റെ ലീഡില്. 23-ാം മിനിറ്റില് സുഖ്ജീത് സിംഗ് മൂന്നാം ഗോള് നേടി.
തുടര്ന്നായിരുന്നു പാക്കിസ്ഥാന്റെ തിരിച്ചടി ആരംഭിച്ചത്. 30-ാം മിനിറ്റില് അബു മഹ്മൂദും 45-ാം മിനിറ്റില് അബ്ദുള് ഷാഹിദും 49-ാം മിനിറ്റില് അഷ്റഫ് റാണയും ഗോള് നേടിയതോടെ മത്സരം 3-3 സമനിലയില്.
നിശ്ചിത സമയം സമനിലയില് അവസാനിക്കുമെന്ന പ്രതീതി ഉണ്ടായെങ്കിലും 60-ാം മിനിറ്റില് അഭിഷേക് നൈന് ഇന്ത്യയുടെ ജയം കുറിച്ച ഗോള് സ്വന്തമാക്കി. 4-3ന്റെ ജയത്തോടെ ഇന്ത്യ ഫൈനലിലേക്കു പറന്നു.
International
ന്യൂഡൽഹി: സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗയ് പാർമേലിൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി അടുത്തയാഴ്ച ഇന്ത്യയിലെത്തും.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പാർമേലിൻ ഇന്ത്യയിലുണ്ടാകുക. ഉന്നത ബിസിനസുകാർ ഉൾപ്പടെയുള്ള സംഘവും പ്രസിഡന്റിനൊപ്പം ഉണ്ടാകും.
വ്യാപാരം, നിക്ഷേപം, സയൻസ്, ടെക്നോളജി തുടങ്ങിയ മേഖലകളെക്കുറിച്ച് ഇന്ത്യയും സ്വിറ്റ്സർലൻഡും ചർച്ച നടത്തും.
Business
മുംബൈ: ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിളിന്റെ ജനപ്രിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ “ആപ്പിൾ പേ’’ (Apple Pay) ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് സേവനം അവതരിപ്പിച്ചത്.
ആക്സിസ് ബാങ്ക് നൽകുന്ന വീസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇനി മുതൽ ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച് എന്നിവ വഴി പണമിടപാടുകൾ നടത്താം. മാക് കംപ്യൂട്ടറുകൾക്കുള്ള പിന്തുണ വൈകാതെ ലഭ്യമാക്കുമെന്നും ആപ്പിൾ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുരക്ഷിതമായ ‘ടാപ്പ് ആൻഡ് പേ’ ഇടപാടുകൾ
ആപ്പിൾ പേ വഴി പണമടയ്ക്കാൻ കാർഡ് പിൻ നമ്പറുകളോ ഒടിപികളോ ടൈപ്പ് ചെയ്യേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കോൺടാക്ട്ലെസ് കാർഡ് റീഡറിന് സമീപം ഉപകരണം കാണിച്ച്, ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി വഴി ബയോമെട്രിക് സ്ഥിരീകരണം നടത്തി പണമിടപാട് പൂർത്തിയാക്കാം. ഉപയോക്താക്കളുടെ കാർഡ് നമ്പറുകൾ ഉപകരണത്തിലോ ആപ്പിളിന്റെ സെർവറുകളിലോ ശേഖരിച്ചു വയ്ക്കില്ല. പകരം, എൻക്രിപ്റ്റ് ചെയ്ത ‘ഡിവൈസ് അക്കൗണ്ട് നമ്പർ’ വഴിയാണ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നത്. കൂടാതെ ഉപയോക്താക്കളെ തിരിച്ചറിയാൻ സാധിക്കുന്ന വ്യക്തിഗത വിവരങ്ങളൊന്നും കമ്പനി സൂക്ഷിക്കില്ലെന്നും ഫോൺ നഷ്ടപ്പെട്ടാലും റിമോട്ടായി പേയ്മെന്റുകൾ നിയന്ത്രിക്കാൻ സംവിധാനമുണ്ടെന്നും ആപ്പിൾ വ്യക്തമാക്കി.
സേവനം ലഭ്യമാക്കേണ്ട വിധവും പങ്കാളികളും
ഉപയോക്താക്കൾക്ക് അവരുടെ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഐഫോണിലെ വാലറ്റ് (Apple Wallet) ആപ്പ് വഴിയോ, ആക്സിസ് ബാങ്ക് മൊബൈൽ ആപ്പ് വഴിയോ എളുപ്പത്തിൽ ആപ്പിൾ പേയുമായി ബന്ധിപ്പിക്കാം. കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകളും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ തുടർന്നും ലഭിക്കും.
പ്രാരംഭ ഘട്ടത്തിൽ ആപ്പിൾ സ്റ്റോറുകൾക്കു പുറമെ സൊമാറ്റോ, ബ്ലിങ്കിറ്റ്, ക്രോമ, റിലയൻസ് ബ്രാൻഡുകൾ, ടാറ്റ 1എംജി, ചായോസ്, ഇക്സിഗോ തുടങ്ങിയ പ്രമുഖ ഓൺലൈൻ-ഓഫ്ലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ആപ്പിൾ പേ സ്വീകരിക്കും. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ആപ്പിൾ പേയുടെ കടന്നുവരവിനാകുമെന്നാണ് വിപണി വിലയിരുത്തൽ.
Sports
നിഷിൻ (ജപ്പാൻ): ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ 124 റണ്സിന് തകര്ത്ത് ഇന്ത്യ ഫൈനലില്. ഇന്ത്യ ഉയര്ത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 9.5 ഓവറില് 45 റണ്സിന് പുറത്തായി.
11 പന്തില് 15 റണ്സെടുത്ത നുവാനിന്ദു ഫെര്ണാണ്ടോ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. സിനേത് ജയവര്ധനെ (പൂജ്യം), സോഹന് ഡി ലിവേറ (പൂജ്യം), ലസിത് ക്രൂസ്പുല്ലെ (പൂജ്യം), സഹന് അരച്ചിഗെ(ഒമ്പത്), അഷൻ ബണ്ഡാര (പൂജ്യം), ചമിക കരുണരത്നെ (നാല്), വാനുജ സഹനെ(ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സര് പട്ടേലും ജസ്പ്രീത് ബുംറയും അഭിഷേക് ശര്മയുമാണ് ലങ്കയെ എറിഞ്ഞിട്ടത്.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മുന്നിര ബാറ്റര്മാര് നിരാശപ്പെടുത്തിയപ്പോള് ഇഷാന് കിഷന്റെ അപരാജിത അര്ധസെഞ്ചുറിയുടെയും വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തിലാണ് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 169 റണ്സെടുത്തത്.
46 പന്തില് 80 റണ്സെടുത്ത് പുറത്താകാതെ നിന്ന ഇഷാന് കിഷനാണ് ടോപ് സ്കോറര്. വൈഭവ് സൂര്യവംശി 21 പന്തില് 38 റണ്സെടുത്തു. അതേസമയം, അഭിഷേക് ശര്മ (ഏഴ്), സഞ്ജു സാംസൺ (ഏഴ്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13), തിലക് വര്മ (രണ്ട്), ശിവം ദുബെ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തി.
ശ്രീലങ്കക്കായി ക്യാപ്റ്റൻ സഹന് അരാച്ചിഗെ 28 റണ്സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ താരിന്ദു രത്നായകെ 32 റണ്സിന് രണ്ട് വിക്കറ്റെടുത്തു.
ശനിയാഴ്ച നടക്കുന്ന സ്വര്ണ മെഡല് പോരാട്ടത്തില് പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്. വെങ്കല മെഡലിനായി ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും.
വമ്പന് ജയം
ശ്രീലങ്കയ്ക്കെതിരായ സെമിയില് 124 റണ്സിനായിരുന്നു ഇന്ത്യന് ജയം. സ്കോര്: ഇന്ത്യ 20 ഓവറില് 169/7. ശ്രീലങ്ക 9.5 ഓവറില് 45. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ റിക്കാര്ഡ് ജയമാണിത്.
ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ ഓപ്പണിംഗിന് എത്തിയത് കൗമാരതാരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്മയും. മൂന്നു പന്തില് ഏഴു റണ്സ് നേടിയ അഭിഷേക് ശര്മയാണ് ആദ്യം കൂടാരംകയറിയത്. ഇന്ത്യന് അക്കൗണ്ടില് അപ്പോള് ഉണ്ടായിരുന്നത് വെറും 12 റണ്സ്. മൂന്നാം നമ്പറിലെത്തിയ സഞ്ജു സാംസണും (7) വേഗത്തില് പുറത്ത്. സ്കോര് 59ല് നില്ക്കുമ്പോള് സൂര്യവംശി 21 പന്തില് 38 റണ്സുമായി മടങ്ങി.
ഇഷാന് രക്ഷിച്ചു
അഞ്ചാം നമ്പറായി ക്രീസിലെത്തിയ ഇഷാന് കിഷനാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറില് എത്തിച്ചത്. 46 പന്തില് അഞ്ചു സിക്സും നാലു ഫോറും അടക്കം ഇഷാന് കിഷന് 80 റണ്സുമായി പുറത്താകാതെ നിന്നു.
45; റിക്കാര്ഡ് നാണക്കേട്
രണ്ട് ഓവറില് ഏഴു റണ്സ് വഴങ്ങി ജസ്പ്രീത് ബുംറയും മൂന്ന് ഓവറില് എട്ടു റണ്സ് വഴങ്ങി അക്സര് പട്ടേലും അഞ്ചു പന്തില് രണ്ടു റണ്സ് വഴങ്ങി അഭിഷേക് ശര്യും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അതോടെ ലങ്ക 9.5 ഓവറില് 45നു പുറത്ത്. ഒരു ഫുള് മെംബറിന്റെ ഏറ്റവും ചുരുങ്ങിയ സ്കോര് എന്ന നാണക്കേടിനൊപ്പവും ശ്രീലങ്ക ചേര്ക്കപ്പെട്ടു. 2019ല് ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്ഡീസ് 45 റണ്സിനു പുറത്തായിരുന്നു.
Tech
വാഷിംഗ്ടൺ: ഡേറ്റിംഗ് ആപ്പായ ടിൻഡർ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. വ്യക്തിഗത ഡേറ്റിംഗിനപ്പുറം സുഹൃത്തുക്കളുടെ സംഘങ്ങൾ തമ്മിൽ കണ്ടുമുട്ടാനും ഒരുമിച്ച് സമയം ചെലവഴിക്കാനും സഹായിക്കുന്ന 'ഗ്രൂപ്പ് ഹാംഗ് ഔട്ട്സ്' ഫീച്ചറാണ് കമ്പനി പുറത്തിറക്കിയത്.
സാധാരണയായി രണ്ടു വ്യക്തികൾ തമ്മിൽ പരസ്പരം കണക്റ്റ് ചെയ്യുന്ന രീതിക്ക് പകരം, സുഹൃത്തുക്കളുടെ കൂട്ടായ്മകളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു സോഷ്യൽ അനുഭവമാക്കി ഡേറ്റിംഗിനെ മാറ്റുകയാണ് ഇതിലൂടെ ടിൻഡർ ലക്ഷ്യമിടുന്നത്.
പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?
ഉപയോക്താക്കൾക്ക് തങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ആക്റ്റിവിറ്റി തെരഞ്ഞെടുത്ത് കുറഞ്ഞത് രണ്ട് സുഹൃത്തുക്കളെയെങ്കിലും ക്ഷണിക്കാം.
ഗ്രൂപ്പിൽ കുറഞ്ഞത് 3 അംഗങ്ങൾ തെകയുന്നതോടെ ആ ഗ്രൂപ്പിന്റെ പ്രൊഫൈൽ ടിൻഡറിലെ പ്രധാന കാർഡ് സ്റ്റാക്കിൽ പ്രത്യക്ഷപ്പെടും.
മറ്റ് ഗ്രൂപ്പുകളുടെ പ്രൊഫൈലുകൾ ബ്രൗസ് ചെയ്യാനും സ്വൈപ്പ് ചെയ്യാനും സാധിക്കും. രണ്ട് ഗ്രൂപ്പുകളിലെയും ഏതെങ്കിലും ഒരാളെങ്കിലും പരസ്പരം ലൈക്ക് ചെയ്താൽ, ഇരു ഗ്രൂപ്പുകളിലെയും അംഗങ്ങളെ ഉൾപ്പെടുത്തി ഒരു കോമൺ ഗ്രൂപ്പ് ചാറ്റ് ആരംഭിക്കും.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ചാറ്റിൽ നിന്ന് ഒഴിയണമെന്നുണ്ടെങ്കിൽ സുഹൃദ്ബന്ധം ഉപേക്ഷിക്കാതെ തന്നെ ചാറ്റിൽ നിന്ന് മാത്രം പുറത്തുകടക്കാം. കൂടാതെ, അസ്വസ്ഥതയുണ്ടാക്കുന്ന അംഗങ്ങളെ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള സൗകര്യവുമുണ്ട്.
ഇതിമുമ്പ് അവതരിപ്പിച്ച 'ഡബിൾ ഡേറ്റ്' ഫീച്ചറിന്റെ വിജയം മുൻനിർത്തിയാണ് ടിൻഡർ ഈ വലിയ മാറ്റത്തിന് മുതിർന്നത്. കഴിഞ്ഞ രണ്ടാം പാദത്തിൽ മാസംതോറുമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ 7 ശതമാനം കുറവും വരുമാനത്തിൽ ഇടിവും നേരിട്ടതോടെ ഉപയോക്താക്കളെ തിരികെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് ടിൻഡർ.
നിലവിൽ അമേരിക്കയിലും തെരഞ്ഞെടുത്ത രാജ്യങ്ങളിലും ടിൻഡർ ആപ്പിന്റെ ഹോം സ്ക്രീനിൽ മുകൾഭാഗത്തായി ഈ ഫീച്ചർ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
Sports
നഗോയ: തെറ്റാത്ത ഉന്നവുമായി ഏഷ്യന് ഗെയിംസില് ഇന്ത്യയുടെ സ്വര്ണവേട്ട. അമ്പെയ്ത്തില് മൂന്നും ഷൂട്ടിംഗില് ഒന്നുമടക്കം ഇന്നലെ ഉന്നം കൃത്യമാക്കി ഇന്ത്യ നേടിയത് നാലു സ്വര്ണം. കോംബോണ്ട് ഇനങ്ങളിലായിരുന്നു (പുരുഷ ടീം, വനിതാ ടീം, മിക്സഡ്) മൂന്നു സ്വര്ണം.
വനിതാ ടീം കോംബോണ്ടില് ചികിത തനിപര്ത്തി, ജ്യോതി സുരേഖ വെണ്ണം, പ്രിതിക പ്രദീപ് എന്നിവരടങ്ങിയ ടീമാണ് സ്വര്ണത്തിലേക്ക് അമ്പെയ്തത്. സ്വര്ണ പോരാട്ടത്തില് ചൈനയെ 234-238ന് ഇന്ത്യന് ടീം തോല്പ്പിച്ചു. 229-228നു ചൈനീസ് തായ്പേയിയെ കീഴടക്കി ദക്ഷിണകൊറിയ വെങ്കലം സ്വന്തമാക്കി. ദക്ഷിണകൊറിയയെ സെമിയില് തോല്പ്പിച്ചായിരുന്നു (234-233) ഇന്ത്യയുടെ ഫൈനല് പ്രവേശം.
പുരുഷ ടീം കോംബോണ്ടില് കുശാല് ദലാല്, സഹില് ജാദവ്, ടി.ജി. മണിരത്നം എന്നിവരടങ്ങിയ ടീമാണ് ഉന്നംതെറ്റാതെ സ്വര്ണം കരസ്ഥമാക്കിയത്. ഉജ്വല പോരാട്ടത്തിലൂടെ 238-237ന് ചൈനയെ തോല്പ്പിച്ച് ഇന്ത്യന് പുരുഷന്മാര് ജേതാക്കളായി. സെമിയില് കൊറിയയെ മറികടന്നായിരുന്നു (236-229) ഇന്ത്യന് ടീം ഫൈനലില് പ്രവേശിച്ചത്.
കോംബോണ്ട് മിക്സഡ് ടീം ഫൈനലില് ദക്ഷിണകൊറിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്. ഇന്ത്യക്കായി ചികിത തനിപര്ത്തി, സഹില് ജാദവ് എന്നിവര് അമ്പും വില്ലും കൈയിലേന്തി. ദക്ഷിണകൊറിയയ്ക്കായി പാര്ക്ക് ജംഗ് യോണും ചോയി യോങ്ഹിയുമായിരുന്നു മത്സരിച്ചത്. ആവേശകരമായ ഫൈനല് പോരാട്ടം 157-157നു ടൈ. അതോടെ മത്സരം ഷൂട്ട്-ഓഫിലേക്കു നീണ്ടു. ഷൂട്ട്-ഓഫില് 20-19ന്റെ ജയത്തോടെ ഇന്ത്യന് സഖ്യം സ്വര്ണത്തില് മുത്തമിട്ടു. തായ്ലന്ഡിനെ സെമിയില് കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലില് പ്രവേശിച്ചത്. സ്കോര്: 156-155.
ചികിത, സഹില് ഇരട്ട സ്വര്ണത്തിൽ
മണിക്കൂറുകളുടെ വ്യത്യാസത്തില് ചികിത തനിപര്ത്തിയും സഹില് ജാദവും അമ്പെയ്ത്തില് ഇരട്ടസ്വര്ണം കരസ്ഥമാക്കി. തെലുങ്കാന സുല്ത്താന്പുര് സ്വദേശിനിയാണ് ഇരുപത്തൊന്നുകാരിയായ ചികിത. 2026 ഏഷ്യ കപ്പില് മിക്സഡ് ടീം ഇനത്തില് സ്വര്ണം നേടിയിരുന്നു. 2026 ലോകകപ്പില് വെള്ളി നേടിയ ടീമിന്റെയും ഭാഗമായിരുന്നു ചികിത.
മഹാരാഷ്ട്ര സത്താറ സ്വദേശിയാണ് ഇരുപത്തഞ്ചുകാരനായ സഹില് ജാദവ്. 2025 ലോക യൂണിവേഴ്സിറ്റി ഗെയിംസില് സ്വര്ണം, 2026 ലോകകപ്പില് വെങ്കലം, 2025 ഏഷ്യന് ചാമ്പ്യന്ഷിപ്പില് ടീം ഇനത്തില് വെള്ളി തുടങ്ങിയ നേട്ടങ്ങള് സ്വന്തമാക്കിയിട്ടുണ്ട്.
Sports
ഗോഹട്ടി: അഞ്ചു സെഞ്ചുറി പിറന്ന, 811 റൺസ് പിറന്ന മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 133 പന്തിൽ എട്ടു സിക്സും 26 ഫോറും അടക്കം 223 റൺസുമായി പുറത്താകാതെ നിന്നാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. ഗില്ലിനൊപ്പം ഋതുരാജ് ഗെയ്ക്വാദും (31) പുറത്താകാതെ നിന്നു. സ്കോർ: വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ 405/7. ഇന്ത്യ 43.3 ഓവറിൽ 406/2. ഇതോടെ മൂന്നു മത്സര പരന്പര ഇന്ത്യ 2-0ന് ഉറപ്പാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ വെസ്റ്റ് ഇന്ഡീസിന്റെ മൂന്നു ബാറ്റര്മാര് സെഞ്ചുറി നേടി. ഓപ്പണര് ജോണ് കാംബല് (68 പന്തില് 101), ക്യാപ്റ്റന് ഷായ് ഹോപ്പ് (94 പന്തില് 104), നാലാം നമ്പറായി ക്രീസിലെത്തിയ അമിര് ജാംഗൂ (77 പന്തില് 114) എന്നിവര് വിന്ഡീസിനായി സെഞ്ചുറി സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണര്മാരായ രോഹിത് ശര്മയും (75 പന്തില് 101) ശുഭ്മാന് ഗില്ലും സെഞ്ചുറി ഇന്നിംഗ്സ് കാഴ്ചവച്ചു. ആറു സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. വിരാട് കോഹ്ലി 19 പന്തിൽ 29 റൺസുമായി പുറത്തായി.
അതിവേഗ ഇരട്ടസെഞ്ചുറി
ഏകദിന ക്രിക്കറ്റിലെ അതിവേഗ ഇരട്ടസെഞ്ചുറി റിക്കാർഡ് ഇനി ശുഭ്മാൻ ഗില്ലിനു സ്വന്തം. നേരിട്ട 117-ാം പന്തിൽ 200 കടന്നാണ് ഗിൽ ഈ റിക്കാർഡ് കുറിച്ചത്. 2022ൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ഇഷാൻ കിഷൻ 126 പന്തിൽ നേടിയ ഡബിൾ സെഞ്ചുറി റിക്കാർഡ് ഇതോടെ പഴങ്കഥയായി. ഏകദിനത്തിൽ ഒന്നിലധികം ഇരട്ടസെഞ്ചുറി എന്ന നേട്ടത്തിൽ രോഹിത് ശർമയ്ക്കൊപ്പവും ഗിൽ (രണ്ട്) എത്തി. രോഹിത്തിന് മൂന്നു ഡബിൾ സെഞ്ചുറിയുണ്ട്.
സെഞ്ചുറി റിക്കാർഡ്
ഒരു ഏകദിന മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡും ഇന്നലെ കുറിക്കപ്പെട്ടു. പാക്കിസ്ഥാൻ x ഓസ്ട്രേലിയ (1998), ഇന്ത്യ x ഓസ്ട്രേലിയ (2013), പാക്കിസ്ഥാൻ x ശ്രീലങ്ക (2023) മത്സരങ്ങളിൽ നാലു സെഞ്ചുറി പിറന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. ഏകദിന ചരിത്രത്തില് വെസ്റ്റ് ഇന്ഡീസിന്റെ റിക്കാര്ഡ് സ്കോറിനാണ് ഗോഹട്ടി ഇന്നലെ സാക്ഷ്യംവഹിച്ചത്. ഏകദിന ചരിത്രത്തില് വിന്ഡീസ് 400 കടക്കുന്നത് ഇതാദ്യം.
Business
ന്യൂഡൽഹി: നടപ്പ് സാന്പത്തിക വർഷത്തിലെ ഓഗസ്റ്റ് വരെയുള്ള ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ധനകമ്മി 7.10 ലക്ഷം കോടി രൂപയായി വർധിച്ചതായി ഇന്നലെ പുറത്തുവിട്ട സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇത് സർക്കാരിന്റെ മുഴുവൻ വർഷത്തേക്കുള്ള ബജറ്റ് കണക്കിന്റെ 41.9% വരും.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (ഏപ്രിൽ-ഓഗസ്റ്റ്) ധനകമ്മി വാർഷിക ലക്ഷ്യത്തിന്റെ 38.1% ആയിരുന്നു.
2026-27 സാന്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ 16.96 ലക്ഷം കോടി രൂപയുടെ ധനകമ്മിയാണ് ബജറ്റിൽ ലക്ഷ്യമിട്ടിരിക്കുന്നത്.
ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ സർക്കാരിന്റെ ആകെ വരുമാനം 13.68 ലക്ഷം കോടി രൂപയാണ്. ഇത് മുഴുവൻ വർഷത്തെ ബജറ്റ് ലക്ഷ്യമായ 36.52 ലക്ഷം കോടി രൂപയുടെ 37.5% ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം വാർഷിക ലക്ഷ്യത്തിന്റെ 36.7% ആയിരുന്നു.
അതേസമയം, ആകെ ചെലവ് 20.78 ലക്ഷം കോടി രൂപയിലെത്തി. ഇത് ഈ സാന്പത്തിക വർഷത്തേക്ക് ബജറ്റ് വകയിരുത്തിയ 53.47 ലക്ഷം കോടി രൂപയുടെ 38.9% ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ചെലവ് വാർഷിക ലക്ഷ്യത്തിന്റെ 37.1% ആയിരുന്നു.
റവന്യു വരുമാനം 12.92 ലക്ഷം കോടി രൂപയാണ് (ബജറ്റ് ലക്ഷ്യത്തിന്റെ 36.6%). ഇതിൽ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 4.55 ലക്ഷം കോടി രൂപയുമാണ്.
2026-27 സാന്പത്തിക വർഷത്തിൽ ജിഡിപിയുടെ 4.3 ശതമാനം ധനക്കമ്മി ലക്ഷ്യം കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.
Business
കൊച്ചി: പോര്ഷെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ചുകൊണ്ട് കയ്ന് ഇലക്ട്രിക് അവതരിപ്പിച്ചു.
കയ്ന് ഇലക്ട്രിക്കിന് 1,77,27,000 രൂപയും കെയെന് ടര്ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില.
ബ്രാന്ഡിന്റെ നിലവിലുള്ള മോഡല് പോര്ട്ട്ഫോളിയോയ്ക്കൊപ്പമാണു പൂര്ണ വൈദ്യുത ഓപ്ഷന് ഉപഭോക്താക്കള്ക്കു നൽകി പുതിയ മോഡലുകൾ അവതരിപ്പിച്ചതെന്ന് പോര്ഷെ ഇന്ത്യ മേധാവി അശുതോഷ് ദീക്ഷിത് പറഞ്ഞു.
Sports
ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ ചരിത്ര വിജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 406 റൺസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം ഇന്ത്യൻ രണ്ടുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ റെക്കോർഡ് ഇരട്ടസെഞ്ചുറിയുടെയും (133 പന്തിൽ 223 പുറത്താകാതെ) രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെയും (75 പന്തിൽ 101) കരുത്തിൽ വെറും 43.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. ഏകദിന ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്.
2013ൽ ഓസ്ട്രേലിയയ്ക്കെതിരെ 362 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. നേരത്തെ മൂന്ന് ബാറ്റർമാരുടെ സെഞ്ചുറി കരുത്തിലാണ് വിൻഡീസ് പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്. എന്നാൽ അതേ നാണയത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിര മറുപടി നൽകി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ മൂന്നിന് ന്യൂ ചണ്ഡിഗഡിൽ നടക്കും.
ഏകദിന ക്രിക്കറ്റില് രണ്ട് ഇരട്ട സെഞ്ചുറികള് നേടുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമെന്ന റിക്കാർഡും ഈ മത്സരത്തിൽ ഗില് സ്വന്തമാക്കി. 2023 ജനുവരിയില് ഹൈദരാബാദില് ന്യൂസിലന്ഡിനെതിരെയായിരുന്നു ഗില്ലിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ട സെഞ്ചുറി. ഇപ്പോള് വിന്ഡീസിനെതിരെ അതേ നേട്ടം താരം ആവര്ത്തിച്ചിരിക്കുന്നു.
ഏകദിനത്തില് മൂന്ന് ഇരട്ട സെഞ്ചുറികള് നേടിയിട്ടുള്ള രോഹിത് ശര്മ്മ മാത്രമാണ് നിലവില് ഈ പട്ടികയില് ഗില്ലിന് മുന്നിലുള്ളത്. ശ്രീലങ്കയ്ക്കെതിരെ രണ്ടും ഓസ്ട്രേലിയക്കെതിരെ ഒന്നും ഇരട്ട സെഞ്ചുറികളാണ് രോഹിത് നേടിയിട്ടുള്ളത്.
Sports
ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് കരുത്തായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രോഹിത് ശർമയും. ഇരുവരും സെഞ്ചുറി നേടി. 62 പന്തിൽ സെഞ്ചുറി നേടിയ ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നക്കം കടന്നു.
കഴിഞ്ഞ മത്സരത്തിലും താരം സെഞ്ചുറി നേടിയിരുന്നു. ഏകദിനത്തിൽ പന്തുകളുടെ എണ്ണത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ നാലാമത്തെ വേഗമേറിയ സെഞ്ചുറിയാണ് ഗിൽ സ്വന്തമാക്കിയത്. 52 പന്തിൽ സെഞ്ചുറി നേടിയ വിരാട് കോലിയുടെ പേരിലാണ് വേഗമേറിയ ഇന്ത്യൻ സെഞ്ചുറിയുടെ റിക്കാർഡ്.
72 പന്തിലാണ് രോഹിത് ശർമ ഏകദിന കരിയറിലെ 35-ാം സെഞ്ചുറി കുറിച്ചത്. 25 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ 250 റൺസെന്ന ശക്തമായ നിലയിലാണ്. 406 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഇനി 25 ഓവറിൽ 156 റൺസ് കൂടി വേണം.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. കരുത്തരായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ ടീം ചരിത്ര മുന്നേറ്റം നടത്തിയത്. വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യക്കായി ഇഷിക ചൗധരി, ക്യാപ്റ്റൻ സലീമ ടിറ്റേ എന്നിവരാണ് ലക്ഷ്യം കണ്ടത്.
നിലവിലെ ചാമ്പ്യൻമാരായ കരുത്തരായ ചൈനയാണ് വെള്ളിയാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയുടെ എതിരാളികൾ. അവസാനമായി ഇന്ത്യ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണ മെഡൽ നേടിയത് 1982ൽ ന്യൂഡൽഹിയിൽ നടന്ന ഗെയിംസിലാണ്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ചൈനയെ തോൽപ്പിക്കാനായാൽ 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തേക്ക് ഏഷ്യൻ ഗെയിംസ് ഹോക്കി സ്വർണം മടങ്ങിയെത്തും.
Sports
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് കൂറ്റൻ സ്കോർ. ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തവിൻഡീസ് മൂന്ന് ബാറ്റർമാരുടെ തകർപ്പൻ സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസ്അടിച്ചുകൂട്ടി.
ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡീസിനായി ഓപ്പണർ ജോൺ കാംപ്ബെൽ (68 പന്തിൽ 101), ക്യാപ്റ്റൻ ഷായ് ഹോപ്പ് (94 പന്തിൽ 104), അമീർ ജാനൂ (77 പന്തിൽ 114) എന്നിവരാണ് സെഞ്ചറി നേടിയത്. ഇന്ത്യക്കെതിരെ ഒരു ഏകദിന ഇന്നിംഗ്സിൽ മൂന്ന് ബാറ്റർമാർ സെഞ്ചറി നേടുന്നത് ഇത് രണ്ടാം തവണ മാത്രമാണ്.
2015ൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യക്കെതിരെ ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ബോളർമാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനാകാതെ പോയതോടെയാണ് വിൻഡീസ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 40-ാം ഓവറിനു ശേഷമാണ് ഇന്ത്യയ്ക്കു വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചത്.